റിയാദ്: അർഹരായ കുടുംബങ്ങൾക്ക് അനുയോജ്യമായ ഭവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഔദാര്യം നമ്മിൽ നിന്നാണ്, നമ്മുടെ ഉള്ളിലാണ്’ എന്ന പേരിൽ വിപുലമായ കാമ്പയിൻ ആരംഭിച്ചു. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ചേർന്ന് 15 കോടി റിയാൽ ‘ജൂദ് ഹൗസിങ്’ പ്ലാറ്റ്‌ഫോം വഴി സംഭാവന നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സൗദിയിലെ വിവിധ പ്രദേശങ്ങളിലെ അർഹരായ കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള ദേശീയ ശ്രമങ്ങൾക്കും സംരംഭങ്ങൾക്കും ഭരണകൂടം നൽകുന്ന തുടർച്ചയായ പിന്തുണക്ക് മുനിസിപ്പൽ ഭവന മന്ത്രി മാജിദ് അൽഹുഖൈൽ നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഭവനരഹിതർക്ക് വീടെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഭരണാധികാരികളുടെ മുൻകാലങ്ങളിലെ ഉദാരമായ സംഭാവനകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി മാജിദ് അൽഹുഖൈൽ ചൂണ്ടിക്കാട്ടി. വ്യക്തികളെയും സ്ഥാപനങ്ങളെയും ‘ജൂദ് ഹൗസിങ്’ എന്ന വിശ്വസനീയമായ ദേശീയ പ്ലാറ്റ്‌ഫോം വഴി സംഭാവനകൾ നൽകാൻ പ്രേരിപ്പിക്കുന്നതിൽ ഇത്തരം മാതൃകകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സാമൂഹിക ഐക്യദാർഢ്യം, ലാഭേച്ഛയില്ലാത്ത പ്രവർത്തനം, മാനുഷികത എന്നിവയുടെ ഉത്തമ മാതൃകയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. പുതിയ സംഭാവനകൾ ‘സകൻ’ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.