റിയാദ്: ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിക്കുകീഴിൽ ഈ വർഷം റമദാനിൽ 61 രാജ്യങ്ങളിൽ 10 ലക്ഷത്തിലധികം പേരെ നോമ്പുതുറപ്പിക്കും. സൗദി മതകാര്യ വകുപ്പ് വിവിധ രാജ്യങ്ങളിലെ സൗദി എംബസികളിലെ മതകാര്യ വകുപ്പുകളിലൂടെയാണ് പരിപാടി നടപ്പാക്കുന്നത്.
നന്മയുടെയും ദാനത്തിന്റെയും മാസത്തിൽ സൽമാൻ രാജാവിന്റെ ചെലവിൽ വിവിധ രാജ്യങ്ങളിലെ മുസ്ലിംകളെ ഇഫ്താർ മേശകളിൽ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഈ പരിപാടിയെന്ന് മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു.
ഇഫ്താർ നടപ്പാക്കുന്നതിനായി അനുവദിച്ച തുകകൾ മതകാര്യ വകുപ്പുകളുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും ഓഫിസുകളുമായി ഏകോപിപ്പിച്ച് കൈമാറുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും മന്ത്രാലയം പൂർത്തിയാക്കി. ഈ പരിപാടി നടപ്പാക്കുന്നതിനും അതിന്റെ ഉന്നതമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അവർ ഊന്നൽ നൽകുന്നു.
ഏറ്റവും കൂടുതൽ നോമ്പുകാർക്ക് ഇഫ്താർ ഒരുക്കലും മുസ്ലിം പള്ളികളിലെയും ഇസ്ലാമിക സാംസ്കാരിക കേന്ദ്രങ്ങളിലെയും കൂട്ടായ ഇഫ്താർ മേശകളിൽ മുസ്ലിംകളെ ഒരുമിച്ചുകൂട്ടുന്നതും പരിപാടിയിൽ ഉൾപ്പെടുന്നുവെന്നും മതകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.