ജിദ്ദ: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ജിദ്ദയിൽ കാറ്റും ഇടിയും മഴയും. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ശക്തമായ കാറ്റിനും ഇടിമിന്നലിനുമൊപ്പം മഴ പെയ്തത്. ഇതിനെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ സർവീസുകൾ 40 മിനിറ്റോളം നിർത്തിവെച്ചു.10.16 ന് നിർത്തിവെച്ച വിമാന സർവീസുകൾ 10.56 നാണ് ആരംഭിച്ചത്. മഴകാരണം ചില വിമാനങ്ങളുടെ പുറപ്പെടൽ വൈകിയതായി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള മീഡിയ വക്താവ് തുർക്കി അൽദീബ് പറഞ്ഞു. ഒരാഴ്ച നീണ്ട മഴക്ക് ഞായറാഴ്ച ശമനമുണ്ടായിരുന്നു. തിങ്കളാഴ്ച പത്ത് മിനിറ്റോളം നീണ്ട ശക്തമായ കാറ്റ് ഭീതി പരത്തി. ഉച്ചയായപ്പോഴേക്കും മാനം തെളിഞ്ഞു.
രാജ്യത്തെ പത്തോളം മേഖലകളിൽ തിങ്കളാഴ്ച രാത്രി ഒമ്പത് വരെ കാറ്റും ഇടിയും മഴയുണ്ടാകുമെന്ന് കാലാവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതലെടുത്തു. തിങ്കളാഴ്ച രാവിലെ ജിദ്ദയിലുണ്ടായ മഴക്കിടയിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഇൗദ് സർഹാൻ പറഞ്ഞു. ഏകീകൃത ഒാപ്പറേഷൻ സെൻററിലൂടെ സിവിൽ ഡിഫൻസിന് ലഭിച്ച കാളുകൾ വൈദ്യുതി ഷോക്ക്, വെള്ളം കെട്ടി നിൽക്കുക, മരം വീഴുക എന്നിവ അറിയിച്ചാണ്.
സഹായം തേടി 29 കാളുകളെത്തി. ഇതിൽ 23 എണ്ണം ഷോക്കേറ്റ സംഭവവും ആറെണ്ണം വെള്ളം കെട്ടിനിന്നതും ഒന്ന് മരം വീണതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.