പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വി.വി.കെ. ഹനീഫിന് ജിദ്ദ സര്‍ഗവേദിയുടെ ഉപഹാരം സി.എച്ച്. ബഷീര്‍ നൽകുന്നു
ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്കൂളിലെ അധ്യാപകനും പണ്ഡിതനും ഗായകനുമായ വി.വി.കെ. ഹനീഫിന് ജിദ്ദ സർഗവേദി യാത്രയയപ്പ് നല്കി. പ്രവാസി വിദ്യാർഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിലും അവരെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നതിലും വി.വി.കെ. ഹനീഫ് മാസ്റ്റര്‍ നല്കിയ സംഭാവനകള്‍ എക്കാലത്തും അനുസ്മരിക്കപ്പെടുമെന്ന് യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
അറബി ഭാഷയിലും സംഗീതത്തിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം വിസ്മയിപ്പിക്കുന്നതാണെന്നും സംസാരിച്ചവർ ചൂണ്ടിക്കാട്ടി. വി.വി.കെ. ഹനീഫ് മാസ്റ്റര്‍ക്കുള്ള ജിദ്ദ സര്‍ഗവേദിയുടെ ഉപഹാരം സി.എച്ച്. ബഷീര്‍ ചടങ്ങിൽ സമ്മാനിച്ചു. കെ.കെ. നിസാര്‍, ഫസ്ല് കൊച്ചി, അബ്ദുന്നാസര്‍ വേങ്ങര, എന്‍.കെ. അബ്ദുറഹീം, യൂസുഫ് പരപ്പന്‍, ബഷീര്‍ ചുള്ളിയാന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നിർവഹിച്ചു.
പ്രവാസജീവിതാനന്തരവും മത സാമൂഹിക രംഗത്ത് സേവനം നിർവഹിക്കുമെന്നും അധ്യാപകനായിതന്നെ ശിഷ്ടജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായും മറുപടി പ്രസംഗത്തില്‍ വി.വി.കെ. ഹനീഫ് മാസ്റ്റർ പറഞ്ഞു.
പ്രവാസ ജീവിതം അവിസ്മരണീയ അനുഭവങ്ങളാണ് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങില്‍ തനിമ സാംസ്കാരിക വേദി നോര്‍ത്ത് സോണ്‍ പ്രസിഡന്റ് സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു. സര്‍ഗവേദി പ്രസിഡന്റ് അബ്ദുലത്തീഫ് കരിങ്ങനാട് സ്വാഗതവും ഉമര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.