വാക്സിനെടുത്ത കുട്ടികളുമായി ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി ജിദ്ദ ഇന്ത്യൻ സ്കൂൾ; നാട്ടിലുള്ള വിദ്യാർഥികൾക്ക് തീരുമാനം തിരിച്ചടിയാവും

ജിദ്ദ: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകി ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കാമെന്ന സൗദി ആരോഗ്യ മന്ത്രാലത്തിന്‍റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും നിർദേശത്തെ തുടർന്ന് അടുത്ത മാസം സാധാരണ ക്ലാസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ. ഇതിനായി 12 വയസ് തികഞ്ഞ ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഉടൻ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് എടുക്കാനാവശ്യപ്പെട്ട് സ്കൂളിൽ നിന്നും രക്ഷിതാക്കൾക്ക് സർക്കുലർ അയച്ചു. രണ്ട് ഡോസുകൾക്കിടയിലെ കാല ദൈർഘ്യം ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത് മൂന്നാഴ്ചയാണ്. അതിനാൽ ഉടൻ ഒന്നാം ഡോസ് എടുക്കുന്നവർക്ക് സെപ്റ്റംബർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം ഡോസും പൂർത്തിയാക്കാൻ സാധിക്കും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്നാണ് സർക്കുലർ മുഖേന സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന മഹാഭൂരിപക്ഷം വിദ്യാർഥികളും നിലവിൽ നാട്ടിലാണുള്ളത്. അവധിക്ക് നാട്ടിലെത്തി യാത്രാ വിലക്ക് കാരണം തിരിച്ചെത്താൻ സാധിക്കാത്തവരാണിവർ. കോവിഡ് സാഹചര്യത്തിൽ നടക്കുന്ന നിലവിലെ ഓൺലൈൻ ക്ലാസുകളിൽ നാട്ടിൽ നിന്നും ഇവർ പങ്കെടുക്കുന്നുമുണ്ട്. അതിനാൽ അടുത്ത മാസം സാധാരണ ക്ലാസുകൾ ആരംഭിക്കുകയാണെങ്കിൽ നാട്ടിലുള്ള കുട്ടികൾക്ക് അത് തിരിച്ചടിയാവും.

സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാലും, മറ്റു രാജ്യങ്ങളിൽ 14 ദിവസങ്ങൾ തങ്ങി സൗദിയിലെത്തുക എന്നത് കുടുംബങ്ങളെ സംബന്ധിച്ച് ഏറെ പ്രയാസമായതിനാലും, ഉടനെ നാട്ടിൽ നിന്നും ഇവർക്ക് തിരിച്ചെത്താൻ സാധിക്കില്ല. മാത്രമല്ല, നാട്ടിൽ കുട്ടികൾക്ക് ഇതുവരെ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചിട്ടുമില്ല. അതിനാൽ ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത ഈ വിദ്യാർഥികളുടെ ഭാവി പഠനം എങ്ങിനെ ആയിരിക്കുമെന്നതിനെക്കുറിച്ച ആശങ്കയിലാണ് രക്ഷിതാക്കൾ. ക്ലാസുകൾ ആരംഭിക്കുമ്പോൾ നാട്ടിൽ കുടുങ്ങിയ വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതർ വ്യക്തത വരുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Tags:    
News Summary - Jeddah Indian School ready to start classes with vaccinated children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.