ജിദ്ദ: ആറ് മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ജിദ്ദയിലെ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഇസ്പാഫ്) 'ക്വിസ് ഇന്ത്യ മത്സരം 2025' സംഘടിപ്പിക്കുന്നു. മേയ് 10 ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ജിദ്ദ ഹയ് അൽസാമിറിലെ ന്യൂ അൽവുറൂദ് ഇന്റർനാഷനൽ സ്കൂൾ ബോയ്സ് സെക്ഷനിൽ വെച്ചാണ് ക്വിസ് മത്സരം നടക്കുക. ആറ് മുതൽ എട്ട് വരെ ക്ലാസ്സുകളിലെ കുട്ടികൾ ജൂനിയർ വിഭാഗത്തിലും ഒമ്പത് മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾ സീനിയർ വിഭാഗത്തിലുമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിലെ ആദ്യ റൗണ്ട് മൾട്ടിപ്പിൾ ചോയ്‌സ് ക്വിസ് ആയിരിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. മാതൃരാജ്യമായ ഇന്ത്യയെക്കുറിച്ച് കൂടുതലറിയാനും പഠിക്കാനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന മത്സരത്തിൽ ഇന്ത്യൻ ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം, സ്‌പോർട്‌സ്, സമകാലിക കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.
വിദ്യാർത്ഥികൾക്കിടയിൽ പൊതുവിജ്ഞാനം, അക്കാദമിക മികവ്, സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അവബോധം നൽകൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പഠന മനോഭാവവും ജിജ്ഞാസയും വളർത്തിയെടുക്കുക എന്നതാണ് ഇസ്പാഫ് ക്വിസ് മത്സരംകൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനായി രജിസ്‌ട്രേഷനുള്ള അവസാന തീയതി മേയ് എട്ട് ആണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0542124401, 0568902242 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.