ജിദ്ദ: സൗദി അറേബ്യൻ കായിക മന്ത്രാലയവും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷനും (ഒ.ഐ.സി) അറബ് ലീഗും സംയുക്തമായി സംഘടിപ്പിച്ച 11ാമത് ‘വിശുദ്ധ കേന്ദ്ര പര്യടന’ത്തിന് ജിദ്ദയിൽ പ്രൗഢഗംഭീരമായ സമാപനം. ബുധനാഴ്ച്ച നടന്ന സമാപന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 10 ദിവസം നീണ്ട ഈ സാംസ്കാരിക, ആത്മീയ യാത്രയിൽ 33 ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്ന് 120 യുവതീ യുവാക്കളാണ് പങ്കുചേർന്നത്.
സൗദി കായിക മന്ത്രിയും ഇസ്‌ലാമിക് കോൺഫറൻസ് ഓഫ് യൂത്ത് ആൻഡ് സ്പോർട്സ് അധ്യക്ഷനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിനെ പ്രതിനിധീകരിച്ച് അസി. ഡെപ്യൂട്ടി സ്പോർട്സ് മന്ത്രി അഹമ്മദ് ബിൻ സൽമാൻ അൽ ഗംലാസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. യുവതലമുറയെ ശാക്തീകരിക്കുന്നതിനും ലോകരാജ്യങ്ങൾക്കിടയിൽ സാഹോദര്യം വളർത്തുന്നതിനും സൗദി അറേബ്യ നൽകുന്ന വലിയ പ്രാധാന്യത്തെ അൽ ഗംലാസ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
വിശുദ്ധ നഗരങ്ങളായ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും പുണ്യകേന്ദ്രങ്ങളും സന്ദർശിച്ച ഈ യാത്ര, പങ്കെടുക്കുന്നവർക്ക് പുതിയ അറിവുകളും അനുഭവങ്ങളുമാണ് സമ്മാനിച്ചത്. ഒ.ഐ.സി ജനറൽ സെക്രട്ടറി ഹിസൈൻ ബ്രാഹിം താഹയ്ക്ക് വേണ്ടി അസി. ജനറൽ സെക്രട്ടറി അംബാസഡർ താരിഖ് അലി ബഖീത് ഇസ്‌ലാമിക ലോകത്തെ യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും സംയുക്ത ഇസ്‌ലാമിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സൗദി അറേബ്യയുടെ പരിശ്രമങ്ങളെ പ്രകീർത്തിച്ചു.
വിശുദ്ധ കേന്ദ്രങ്ങളുടെ വികസനത്തിനും തീർഥാടകർക്ക് നൽകുന്ന ആധുനിക സൗകര്യങ്ങൾക്കും സാക്ഷ്യംവഹിച്ച യുവജനങ്ങൾ, തങ്ങളുടെ രാജ്യങ്ങളിൽ സൗദിയുടെ ഈ സേവനങ്ങളുടെ അംബാസഡർമാരായി പ്രവർത്തിക്കണമെന്ന് ചടങ്ങിൽ ആഹ്വാനം ചെയ്തു. പര്യടനത്തിൽ പങ്കെടുത്ത യുവാക്കൾ തങ്ങൾക്ക് ലഭിച്ച വലിയ അവസരത്തിന് നന്ദി അറിയിക്കുകയും, യാത്രയിലൂടെ ആർജിച്ച സാംസ്കാരിക അവബോധവും അനുഭവങ്ങളും സ്വന്തം നാടുകളിലെ സഹപ്രവർത്തകരുമായി പങ്കുവെക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ആത്മീയതയും ആധുനികതയും ഒത്തുചേർന്ന പര്യടനം മുസ്‍ലിം ലോകത്തെ യുവതയെ ഒരുമിപ്പിക്കുന്ന വലിയൊരു വേദിയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.