സൗദി സ്ഥാപക ദിനാഘോഷം ; ലുലു വാക്കത്തോൺ ഇന്ന് അൽ ഖോബാറിൽ

അൽ ഖോബാർ: ഫെബ്രുവരി 22-ലെ സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ‘ലുലു വാക്കത്തോൺ’ ശനിയാഴ്ച അൽ ഖോബാറിൽ നടക്കും. രാജ്യസ്‌നേഹം, ആരോഗ്യം, സുസ്ഥിര വികസനം എന്നീ മൂല്യങ്ങൾ മുൻനിർത്തിയാണ് ഈ ബൃഹത്തായ കായിക സംഗമം ഒരുക്കിയിരിക്കുന്നത്.

അൽ ഖോബാർ ന്യൂ കോർണിഷിൽ നിന്ന് ആരംഭിക്കുന്ന മൂന്ന് കിലോമീറ്റർ വാക്കത്തോൺ, ഖോബാർ മുനിസിപ്പാലിറ്റി മേധാവി മെഷൽ അൽ ഹർബി ഫ്ലാഗ് ഓഫ് ചെയ്യും. സൗദി അർദ നൃത്തം, വയലിൻ പെർഫോമൻസ്, ഡൊണട്ട് ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ വേദിയിൽ അരങ്ങേറും. സമൂഹത്തിെൻറ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകൾ പരിപാടിയുടെ ഭാഗമാകും.

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള സൗദി അറേബ്യയുടെ കാഴ്ചപ്പാടിനോട് ചേർന്നുനിൽക്കുന്നതാണ് ഈ വാക്കത്തോണിെൻറ പ്രധാന സന്ദേശം. വാക്കത്തോണിൽ രജിസ്റ്റർ ചെയ്തവർക്ക് ടി-ഷർട്ട്, ക്യാപ്, റിസ്റ്റ് ബാൻഡ്, കുടിവെള്ളം എന്നിവ അടങ്ങിയ വാക്കത്തോൺ കിറ്റുകൾ ലുലു ഹൈപ്പർമാർക്കറ്റ് വിതരണം ചെയ്യും. കൂടാതെ റൂട്ടിലുടനീളം ലുലു ജീവനക്കാരുടെ സേവനവും നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള റിഫ്രഷ്‌മെൻറ് സ്റ്റാളുകൾ ലഭ്യമാണ്. സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി.

മത്സരങ്ങളും സമ്മാനങ്ങളും:

വാക്കത്തോൺ മാസ്കോട്ടായ ‘ഖദ്ര’ക്കൊപ്പം ഫോട്ടോ എടുക്കാനും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും അവസരമുണ്ടാകും. LuLu_Khobar_Walkathon എന്ന ഹാഷ്‌ടാഗിൽ ചിത്രങ്ങൾ പങ്കുവെക്കുന്നവരിലും, സൗദി കരകൗശല പാരമ്പര്യത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരിലും നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.

അൽ ഖോബാർ മുനിസിപ്പാലിറ്റി, കായിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്. മാസ്റ്റർ കാർഡ്, പി.വി.എം, റേഡിയോ മിർച്ചി , അൽ യൗം എന്നിവരാണ് മറ്റ് പ്രധാന സഹകാരികൾ. ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ സംഗമം അൽ ഖോബാറിലെ കായിക-സാംസ്‌കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒന്നായി മാറും.

Tags:    
News Summary - Saudi Foundation Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.