റിയാദ്: ബഹ്‌റൈൻ ഭൂപ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ബഹ്റൈെൻറ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ തങ്ങളുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചു വ്യക്തമാക്കി.
ശനിയാഴ്ച പുലർച്ചെ നിരവധി ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ സൗദി വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധവും ആഘാതവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രകോപനപരമായ നീക്കങ്ങളെ രാജ്യം പൂർണമായും തള്ളിക്കളയുന്നതായി മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഈ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിെൻറയും നഗ്നമായ ലംഘനമാണെന്നും, മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത് പൂർണമായി തകിടം മറിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. സഹോദര രാജ്യമായ ബഹ്റൈെൻറ സുരക്ഷ കാത്തുസൂക്ഷിക്കാൻ അവിടുത്തെ ഭരണകൂടം കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും സൗദി വാഗ്ദാനം ചെയ്തു.
തങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇറാൻ നടത്തിയ ഈ ഡ്രോൺ ആക്രമണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വദേശികളുടെയും വിദേശി താമസക്കാരുടെയും സുരക്ഷയ്ക്ക് നേരെ ഉയരുന്ന കടുത്ത ഭീഷണിയാണിത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതും ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്നതും കർശനമായി വിലക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ഉടമ്പടികളുടെയും കടുത്ത ലംഘനമാണ് ഈ ആക്രമണമെന്നും ബഹ്‌റൈൻ ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.