റിയാദ്: സാമ്പത്തിക തകർച്ച കാരണം 2016ൽ അടച്ചുപൂട്ടിയ സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കരാർ കമ്പനിയായിരുന്ന സൗദി ഓജർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ തങ്ങൾക്ക് ലഭിക്കാൻ ബാക്കിയുള്ള അനുകൂല്യങ്ങൾക്കായി പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന് റിയാദ് ഇന്ത്യൻ എംബസി അറിയിച്ചു. കമ്പനിയിലെ മുൻ ഇന്ത്യൻ ജീവനക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യ കുടിശ്ശികകൾ വിതരണം ചെയ്യുന്നതിന് യൂസഫ് അബ്ദുൾറഹ്മാൻ അൽസ്വൈലമിനെ ചുമതലപ്പെടുത്തിയതായി എംബസി അറിയിച്ചു.
ആനുകൂല്യങ്ങൾ ലഭിക്കേണ്ട ഇന്ത്യക്കാർ അവരുടെ മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, നിലവിലെ താമസ വിലാസം തുടങ്ങിയ വിവരങ്ങൾ സഹിതം https://ehqaq.sa/saudiogerreq/action/signup/lang/en എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും എംബസി അറിയിച്ചു. സൗദി ഓജർ കമ്പനിയിൽ സൗദിയിലുടനീളം 3,500 മലയാളികൾ ഉൾപ്പെടെ ഏകദേശം 10,000ത്തോളം ഇന്ത്യക്കാർ ജോലിചെയ്തിരുന്നതായാണ് കണക്ക്.
സാമ്പത്തിക തകർച്ച കാരണം കമ്പനി അടച്ചുപൂട്ടിയപ്പോൾ തൊഴിലാളികൾക്ക് 10 മാസത്തെ ശമ്പള കുടിശ്ശികയും പതിറ്റാണ്ടുകളുടെ സേവനാനന്തര ആനുകൂല്യവും ലഭിക്കാനുണ്ടായിരുന്നു. തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി ഇന്ത്യയിൽ നിന്നും അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന വി.കെ സിംങ് അടക്കം കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.