റിയാദ്: സൗദി അറേബ്യയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനാപകട മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ നിരവധി കുടുംബങ്ങളാണ് കൊല്ലപ്പെട്ടത്. വാഹനാപകടങ്ങൾ കൂടുതൽ കുറക്കുന്നതിനായി ട്രാഫിക് സുരക്ഷ സമിതികൾ പ്രവർത്തിച്ചുവരുന്നതായും ട്രാഫിക് വിഭാഗം അറിയിച്ചു.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതുമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ പലതും കുടുംബാംഗങ്ങൾ മുഴുവനായും കൊല്ലപ്പെടുന്ന സാഹചര്യത്തിലേക്കെത്തിയെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹ്സിൻ അൽ-സഹ്റാനി പറഞ്ഞു.
അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാഹനാപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറഞ്ഞിട്ടുണ്ട്. 2016ൽ രാജ്യത്ത് 1,00,000ത്തിൽ 27 വാഹനാപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 1,00,000ത്തിൽ 13 മരണങ്ങൾ എന്ന തോതിലേക്ക് കുറഞ്ഞു. രാജ്യത്തുടനീളം ട്രാഫിക് സുരക്ഷ സമിതികൾ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് അപകടങ്ങൾ കുറക്കാൻ സാധിച്ചത്. പ്രധാന പാതകളിലും മറ്റും കാമറകൾ സ്ഥാപിച്ചത് അപകടങ്ങൾ കുറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2030ഓടെ 1,00,000ത്തിൽ എട്ടു മരണങ്ങൾ എന്ന നിലയിൽ മൂന്നിൽ രണ്ട് ശതമാനമായി കുറക്കാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതെന്നും ട്രാഫിക് ഡയറക്ടർ ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.