റിയാദ്: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടി അംഗീകരിക്കില്ലെന്ന് റിയാദ് ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കേരളത്തില്‍ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചില സ്വാർഥമോഹികളുടെ താളത്തിനൊത്തുതുള്ളുന്ന അഖിലേന്ത്യാ നേതൃത്വത്തെ അംഗീകരിക്കേണ്ടതില്ലെന്നും പ്രഫ. എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പൂർണ പിന്തുണ നൽകണമെന്നും യോഗം തീരുമാനിച്ചു. ഔദ്യോഗികമായി കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങൾ ആരൊക്കെയാണെന്ന് ആർക്കുമറിയില്ല. കഴിഞ്ഞ കുറച്ചുകാലങ്ങളായി കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ദേശീയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തതായി അറിയിച്ചിട്ടുമില്ല.
ഔദ്യോഗികമായി അറിയിപ്പ് നൽകാത്ത ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ, തിരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങൾ പങ്കെടുക്കുന്നു. മെംബർഷിപ് കാമ്പയിൻ നടത്തി കമ്മിറ്റി രൂപവത്കരിക്കാത്ത സംസ്ഥാനങ്ങളിൽനിന്ന് പങ്കെടുത്തത് 31 പേരാണ്. ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽനിന്ന്, ദേശീയ കമ്മിറ്റിക്ക് നേരിട്ട് അംഗങ്ങളെ തിരഞ്ഞെടുക്കാം. പക്ഷേ, കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇത്തരമൊരു നീക്കം നടത്തിയതായി ഇതുവരെ ഒരു വിവരവുമില്ല.
ദേശീയ എക്സിക്യൂട്ടിവിൽ പങ്കെടുത്ത അംഗങ്ങളുടെ മെംബർഷിപ്പും ഏത് സംസ്ഥാനത്തിന്റെ പ്രതിനിധികളാണെന്നും അറിയാൻ പ്രവർത്തകർക്ക് ആഗ്രഹമുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ഓൺലൈൻ യോഗം ഐ.എം.സി.സി ജി.സി.സി ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. റിയാദ് കമ്മിറ്റി പ്രസിഡന്റ് നാസർ കുറുമാത്തൂർ അധ്യക്ഷത വഹിച്ചു. എപി. മുഹമ്മദ് കുട്ടി, റഷീദ് ചിറക്കൽ, ഷാജഹാൻ ബാവ, നാസർ തോട്ടുങ്ങൽ, ഗഫൂർ വാവാട്, റിയാസ് ഇരുമ്പുചോല, റഷീദ് ബാലുശ്ശേരി, ഉമർ, ഇസ്മാഈൽ ആരാമ്പ്രം, കാദർ വാവാട്, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫാസിൽ സ്വാഗതവും സെക്രട്ടറി ഷാജഹാന് ബാവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.