സ​മൂ​ഹ നോ​മ്പു​തു​റ

വിദേശികൾക്ക് ഇഫ്താർ ഒരുക്കി സ്വദേശികളുടെ വിരുന്ന്

റിയാദ്: റമദാനിൽ വിദേശികൾക്ക് പള്ളികളിലും പൊതുഇടങ്ങളിലും സ്നേഹവിഭവങ്ങളുടെ നോമ്പുതുറ ഒരുക്കി സ്വദേശികൾ. റിയാദിലെ ഏറക്കുറെ എല്ലാ പള്ളികളിലും ചെറിയ പാർക്കുകളിലും പ്രവാസികൾക്കായി സൗദി പൗരന്മാർ ഒരുക്കുന്ന നോമ്പുതുറ എല്ലാദിവസവുമുണ്ട്. കോവിഡിന്‍റെ രണ്ടുവർഷ ഇടവേളക്കുശേഷമാണ് ഇത്തരം പൊതു നോമ്പുതുറ വീണ്ടും സജീവമായത്. തങ്ങളുടെ കൂടെപ്പിറപ്പുകളെപ്പോലെ ചേർത്തുപിടിക്കുന്ന സ്വദേശികളുടെ സ്നേഹവിരുന്ന് ആസ്വദിക്കാൻ വൈകുന്നേരത്തോടെ പ്രവാസികളുടെ ഒഴുക്കാണ്. സ്വദേശികൾ, വിദേശികൾ എന്ന വേർതിരിവില്ലാതെ ഭക്ഷണത്തളികക്കു ചുറ്റും എല്ലാവരും നിരന്നിരിക്കും. പ്രാർഥനയിലും സ്നേഹാന്വേഷണങ്ങളിലും മുഴുകും. ഇത്തരം സമൂഹനോമ്പുതുറ സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമാണ്. 'അറബിക്കഥ' എന്ന മലയാള സിനിമയിെല ഇത്തരം നോമ്പുതുറയുടെ ദൃശ്യാവിഷ്കാരം പ്രവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

മഗ്‌രിബ് ബാങ്കിനും വളരെ മുമ്പുതന്നെ ഇവിടങ്ങളിൽ പരവതാനി വിരിച്ച് കുടിവെള്ളം, ലബൻ (സംഭാരം), ഈത്തപ്പഴം, സൗദി ഗഹ്വ, മറ്റു ലഘുവിഭവങ്ങൾ വിളമ്പിയും വിശ്വാസികളെ സ്വീകരിക്കാൻ ആതിഥേയർ ഒരുങ്ങും. കൂട്ടമായും ഒറ്റക്കും വരുന്നവരെ സ്വീകരിക്കാൻ സ്വദേശികൾ മത്സരിക്കും. സ്വദേശികളോടൊപ്പം സേവനത്തിൽ പങ്കുചേരുന്ന പ്രവാസികളും ഉണ്ട്. ബാങ്ക് സമയത്തോട് അടുക്കുമ്പോഴേക്കും ഇവിടം നിറയും. യാത്രക്കാർക്ക് ആശ്വാസമാണ് ഈ ഇഫ്താർ. ബാങ്ക് വിളിക്കുന്നതോടെ ഒരുമിച്ചിരുന്നു നോമ്പുതുറക്കും. നമസ്കാരവും പ്രാർഥനയും കഴിയുമ്പോഴേക്കും വിഭവസമൃദ്ധ ഭക്ഷണപ്പൊതി വിതരണം. വീടുകളിൽ പോയി സ്വസ്ഥമായി കഴിക്കാൻ പൊതി വാങ്ങി ആളുകൾ പിരിയും. അവശേഷിക്കുന്ന ദിനങ്ങളിലും എത്തണമെന്ന് അഭ്യർഥിച്ച് പ്രാർഥനയിൽ തങ്ങളെ മറന്നുപോകരുതെന്ന ഉണർത്തിയുമാണ് അഥിതികളെ യാത്രയാക്കുന്നത്.

Tags:    
News Summary - Iftar dinner for foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.