റിയാദ്: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫല പ്രഖ്യാപനത്തിന് പിന്നാലെ, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഈസ്റ്റ് ചാപ്റ്റർ പ്രത്യേക കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ സാധ്യതകളെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. പ്രമുഖ വിദ്യാഭ്യാസ കൗൺസിലറും അക്കാദമിക് പ്ലാനറുമായ എം.സി. മുനീർ വെബിനാറിന് നേതൃത്വം നൽകി.
അദ്ദേഹം ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ അവസരങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയും ചെയ്തു. വിശേഷിച്ച്, പ്രവാസികൾക്കിടയിൽ താരതമ്യേന പരിചിതമല്ലാത്ത ഡാസാ (ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്റ്സ് എബ്രോഡ്) പോലുള്ള എൻജിനീയറിങ് പ്രവേശന പദ്ധതികളെക്കുറിച്ചും അദ്ദേഹം അവബോധം നൽകി. വെബിനാറിൽ ഐ.സി.എഫ് ഈസ്റ്റ് ചാപ്റ്റർ പ്രസിഡന്റ് സൈനുദ്ദീൻ മുസ്ലിയാർ അധ്യക്ഷതവഹിച്ചു. ഐ.സി.എഫ് സൗദി നാഷനൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം ഉദ്ഘാടനം നിർവഹിച്ചു. ഈസ്റ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷരീഫ് മണ്ണൂർ സ്വാഗതവും നോളജ് ഡിപ്പാർട്മെന്റ് സെക്രട്ടറി നാസർ ചിറയിൻകീഴ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.