ജിദ്ദയിൽ സമീക്ഷ സാഹിത്യവേദി ഒരുക്കിയ ‘സർഗസമീക്ഷ’ പരിപാടിയിൽ ശിഹാബുദ്ദീൻ
പൊയ്ത്തുംകടവ്, ജമാൽ കൊച്ചങ്ങാടി എന്നിവർ സംസാരിക്കുന്നു
ജിദ്ദ: മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ തുടക്കവും തുടർച്ചയും വർത്തമാനവും കേരളചരിത്ര രചനയുടെ ഭാഗമായി മാറേണ്ടതുണ്ടെന്നും അക്കാദമിക തലങ്ങളിൽ ഗൗരവപൂർണമായ ചർച്ചക്ക് വഴിവെക്കേണ്ടതുണ്ടെന്നും എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് അഭിപ്രായപ്പെട്ടു. ജിദ്ദയിൽ സമീക്ഷ സാഹിത്യവേദി ഒരുക്കിയ 'സർഗസമീക്ഷ' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഗൾഫ് പ്രവാസം അരനൂറ്റാണ്ടിനുള്ളിൽ വരുത്തിയ മാറ്റങ്ങൾ പഠനവിധേയമാക്കേണ്ടതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വളർച്ചയിലും മാത്രമൊതുങ്ങുന്നതല്ല പ്രവാസത്തിന്റെ ഫലങ്ങൾ. മലയാളിയുടെ രുചികളെയും അഭിരുചികളെയും സാഹിത്യ സാംസ്കാരിക വിനിമയങ്ങളെയുമെല്ലാം ആഴത്തിൽ സ്വാധീനിക്കാൻ പ്രവാസത്തിനു കഴിഞ്ഞിട്ടുണ്ട്. പൂർവികർ പോരാടി നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ വലിയൊരളവിൽ സംരക്ഷിച്ചുനിർത്താൻ ഇത് നമ്മെ സഹായിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടേതിൽനിന്ന് ഭിന്നമായ ഒരു സാംസ്കാരികാസ്തിത്വവും താരതമ്യേന ഉയർന്ന സാമൂഹിക ബോധവും സൂക്ഷിക്കുന്നതിലും വർഗീയ വിഘടന ശക്തികളെ അകറ്റിനിർത്തുന്നതിലും ഈ മാറ്റങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
അതേസമയം, പ്രവാസികൾ ഗൾഫിലും അവരുടെ കുടുംബങ്ങൾ നാട്ടിലും നേരിടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും നിരവധിയാണെന്ന് തന്റെ മുൻകാല പ്രവാസാനുഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളും മഹാമാരികളും സാഹിത്യലോകത്തും അതിന്റെ പ്രതിഫലനങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും പല ലോകോത്തര കൃതികൾക്കും മഹാമാരികൾ പശ്ചാത്തലമായ ചരിത്രമുണ്ടെന്നും കോവിഡ് കാലവും പുതിയ ക്ലാസിക്കുകളുടെ ജന്മത്തിന് പ്രചോദനമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതകാലങ്ങളിൽ കേരളീയർ പ്രകടമാക്കിയ സഹജീവിസ്നേഹവും കരുണയും കരുതലും മനുഷ്യനന്മയിലുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി പറഞ്ഞു. തന്റെ ആറു പതിറ്റാണ്ടു കാലത്തെ കലാ, സാംസ്കാരിക, സാഹിത്യ പ്രവർത്തനാനുഭവങ്ങൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. സർഗസംവാദത്തിൽ സദസ്യരുടെ ചോദ്യങ്ങൾക്ക് ജമാൽ കൊച്ചങ്ങാടിയും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും പ്രതികരിച്ചു. മുൻ പ്രവാസിയും എഴുത്തുകാരനുമായ കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടിയുടെ പ്രവാസകാലാനുഭവങ്ങളുടെ സമാഹാരമായ 'പറയാതെ പോയത്' എന്ന കൃതിയുടെ പ്രകാശനം മാധ്യമ പ്രവർത്തകൻ മുസാഫിർ നിർവഹിച്ചു.
എഴുത്തുകാരനും സംരംഭകനുമായ ഹംസ പൊന്മള പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങി. സമീക്ഷ ചെയർമാൻ ഹംസ മദാരി അധ്യക്ഷത വഹിച്ചു. ഷിബു തിരുവനന്തപുരം ആശംസകൾ നേർന്നു. കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് നേതൃത്വം നൽകിയ ഗസൽസന്ധ്യ അരങ്ങേറി. കൺവീനർ അസൈൻ ഇല്ലിക്കൽ സ്വാഗതവും ഷാജു അത്താണിക്കൽ നന്ദിയും പറഞ്ഞു. കിസ്മത്ത് മമ്പാട്, നജീബ് വെഞ്ഞാറമൂട്, അദ്നു, ബിജു രാമന്തളി, ഫൈസൽ മമ്പാട്, ഹാരിസ് ഹസൈൻ കണ്ണൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.