റിയാദ്: തൊഴിൽ തട്ടിപ്പിന് ഇരയായി സൗദിയിൽ ജീവനൊടുക്കിയ ഇന്ത്യൻ യുവാവിെൻറ മൃതദേഹം 300 ദിവസത്തിന് ശേഷം നാട്ടിലേക്ക്. ലക്നോയിലെ ഗോണ്ട തെഹ്സീൽ കേണൽഗഞ്ച്, ജഹാംഗിർവ, അഹിരോറ സ്വദേശി അക്ഷയ് കുമാർ ബാബുവിെൻറ (22) മൃതശരീരമാണ് ബുധനാഴ്ച രാത്രി 9.15ന് റിയാദിൽ നിന്ന് ഒമാൻ എയർലൈൻസ് വിമാനത്തിൽ ഉറ്റവരുടെ അടുത്തേക്ക് പുറപ ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.10ന് ലക്നോയിലെത്തും. മാതാപിതാക്കളായ ദർഗാഹിയും നസ്രീനയും കൂടെപിറപ്പുകളും ഏറ് റുവാങ്ങാനെത്തും. കഴിഞ്ഞ വർഷം മാർച്ച് 28ന് റിയാദിൽ നിന്ന് 250 കിലോമീറ്ററകലെ ദവാദ്മിക്ക് സമീപം മരുഭൂമിയിലെ ആട്ടിൻകൂട്ടിലാണ് യുവാവ് തൂങ്ങിമരിച്ചത്. ഒമ്പതര മാസത്തിന് ശേഷം മാത്രമാണ് വീട്ടുകാർ ഇക്കാര്യമറിഞ്ഞത്. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് യുവാവ് സൗദിയിലെത്തിയത്.
ദവാദ്മിയിൽ ടൈലറായി ജോലി െചയ്യുന്ന തെൻറ നാട്ടുകാരൻ തന്നെയായ ഏജൻറാണ് വിസ ഏർപ്പാടാക്കിയത്. നാട്ടിൽ ടൈലറായായിരുന്നു അക്ഷയ്കുമാർ. ടൈലർ വിസയെന്ന് പറഞ്ഞുപറ്റിച്ചാണ് ഗാർഹിക വിസയിൽ കൊണ്ടുവന്നത്. കാത്തിരുന്നത് മരുഭൂമിയിലെ ആട്ടിടയ ജോലി. ദവാദ്മിയിൽ നിന്ന് 20 കിലോമീറ്ററകലെ ദസ്മ എന്ന സ്ഥലത്തായിരുന്നു സ്പോൺസറുടെ ആട്ടിൻകൂട്. ആട്ടിൻപറ്റത്തേയും തെളിച്ച് മരുഭൂമിയിൽ അലയേണ്ട ജോലി ആദ്യ ദിവസം തന്നെ യുവാവ് മടുത്തു. പലതവണ ഒളിച്ചോടി ഏജൻറിെൻറ അടുത്തെത്തി. അപ്പോഴെല്ലാം സ്പോൺസർ വന്ന് തിരികെ വിളിച്ചുകൊണ്ടുപോയി. രക്ഷപ്പെടില്ലെന്ന് കണ്ടതോടെ രണ്ടര മാസത്തിന് ശേഷം ആത്മഹത്യ ചെയ്തു. മാസങ്ങളായി ഇയാളെ കുറിച്ച് വിവരമില്ലാതായപ്പോൾ മാതാപിതാക്കൾ എംബസിക്ക് പരാതി അയച്ചു. തുടർന്ന് ദവാദ്മിയിലെ കെ.എം.സി.സി പ്രവർത്തകൻ ഹുസൈൻ അലി നടത്തിയ അന്വേഷണത്തിലാണ് ഒമ്പതര മാസമായി മൃതദേഹം ദവാദ്മി ജനറൽ ആശുപത്രി മോർച്ചറിയിലുണ്ടെന്ന് കണ്ടെത്തിയത്. ദരിദ്ര കുടുംബത്തിെൻറ ആശ്രയമായിരുന്നു യുവാവ്. നാട്ടിൽ ടൈലർ ജോലി ചെയ്ത് കുടുംബം പോറ്റുന്നതിനിടയിലാണ് ഏജൻറിെൻറ വിസ വാഗ്ദാനമുണ്ടായത്.
80,000 രൂപ അയാൾ ഇൗടാക്കുകയും ചെയ്തു. മുസ്ലിം കുടുംബാംഗമാണെങ്കിലും യുവാവിെൻറ പാസ്പോർട്ടിൽ ഹിന്ദു എന്നാണുള്ളത്. ഇൗ വൈരുദ്ധ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്കൂളിൽ ചേർത്തപ്പോഴുണ്ടായ പിഴവായിരിക്കുമെന്നാണ് പിതാവ് പറഞ്ഞത്. ഹിന്ദു ആചാരപ്രകാരം സംസ്കരിക്കാൻ മൃതദേഹം സ്വദേശത്തേക്ക് അയക്കണമെന്ന കാരണം കൊണ്ടുകൂടിയാണ് ആശുപത്രി അധികൃതർ മൃതദേഹം ഇത്രയുംകാലം സൂക്ഷിച്ചത്. എംബസിയും സാമൂഹിക പ്രവർത്തകനും ഇടപെട്ടതോടെ മൃതദേഹം നാട്ടിൽ അയക്കാനുള്ള മുഴുവൻ ചെലവും വഹിക്കാൻ സ്പോൺസർ തയാറായി. രണ്ടര മാസത്തെ ശമ്പളം നാട്ടിലെ കുടുംബത്തിന് നേരിട്ട് അയച്ചുകൊടുക്കുകയും ചെയ്തു.
ഹുസൈൻ അലിയുടെ ശ്രമഫലമായി രണ്ട് ദിവസം മുമ്പ് മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലെത്തിക്കുകയും ഒമാൻ എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോകാൻ ഏർപ്പാടാക്കുകയും ചെയ്തു. ഇതിനിടെ വിസക്ക് വേണ്ടി താൻ ഇൗടാക്കിയ 80,000 രൂപയും ഏജൻറ് കുടുംബത്തിന് അയച്ചുകൊടുത്തു. ഇതെല്ലാം കിട്ടി, പക്ഷേ തങ്ങളുടെ പ്രിയപ്പെട്ടവനെ തിരിച്ചുകിട്ടില്ലല്ലോ എന്ന് പറഞ്ഞ് പിതാവ് കരഞ്ഞത് ഫോണിൽ കേട്ടപ്പോൾ ഹൃദയം തകർന്നുപോയെന്ന് ഹുസൈൻ അലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.