മദീന മസ്ജിദുന്നബവിയിൽ പ്രാർഥനയിൽ മുഴുകിയ
തീർഥാടകർ
മക്ക: ഹജ്ജ് അവസാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 5,2015 ഇന്ത്യൻ തീർഥാടകർ നാട്ടിലേക്ക് മടങ്ങി. ഇനി മദീനയിൽ 49,520 ഉം മക്കയിൽ 20,312 ഉം തീർഥാടകർ ബാക്കിയുണ്ട്. ഹജ്ജിന് മുന്നേ മദീന വഴിയെത്തിയ തീർഥാടകരുടെ ജിദ്ദ വഴിയുള്ള മടക്കയാത്ര ശനിയാഴ്ച അവസാനിച്ചു. ഇനി മദീന വഴിയായിരിക്കും മടക്കയാത്ര. വരുംദിനങ്ങളിൽ മക്കയിലുള്ള ഹാജിമാർ മദീന സന്ദർശനത്തിന് പുറപ്പെടും. മദീനയിൽ എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് അവിടത്തെ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുക. മദീനയിൽ ഹാജിമാർ പ്രവാചകന്റെ കബറിടവും റൗദയും ചരിത്രസ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്.
റൗദ സന്ദർശനത്തിനുള്ള പെർമിറ്റ് ഹജ്ജ് മിഷൻ വഴിയാണ് തീർഥാടകർക്ക് ലഭിക്കുക. ബുക്കിങ് സമയം നോക്കിയാണ് ഹാജിമാരെ റൗദയിലേക്ക് കൊണ്ടുപോകുന്നത്. നുസുക് ആപ് വഴി തീർഥാടകർക്ക് സ്വന്തമായും പെർമിറ്റ് എടുക്കാനുള്ള സൗകര്യമുണ്ട്. റൗദ ഓപ്ഷനിൽ റിക്വസ്റ്റ് നൽകിയാൽ പെർമിറ്റിന്റെ ക്യു.ആർ കോഡ് ലഭിക്കും. ഇത് സ്കാൻ ചെയ്താണ് അകത്തേക്ക് പ്രവേശനം അനുവദിക്കുക. മലയാളി ഹാജിമാരും ഇത്തവണ ഹജ്ജിനുശേഷമാണ് മദീന സന്ദർശനം പൂർത്തിയാക്കുന്നത്.
ഈ മാസം 25 മുതൽ മലയാളി തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. കൊച്ചി, കോഴിക്കോട് എംബാർക്കേഷൻ പോയിന്റുകളിലേക്ക് 1500ഓളം ഹാജിമാരാണ് ഇതുവരെ മടങ്ങിയത്. തിങ്കളാഴ്ച മുതൽ കണ്ണൂരിലേക്കുള്ള തീർഥാടകരും മടങ്ങിത്തുടങ്ങും. ജൂലൈ 10 നാണ് അവസാന സംഘം മടങ്ങുന്നത്. മക്കയിലും മദീനയിലുമായി രോഗബാധിതരുൾപ്പടെ 56 ഇന്ത്യൻ തീർഥാടകർ ഇതുവരെയായി മരിച്ചു. ഇതിൽ ഒമ്പത് പേർ സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.