മക്ക: ഹജ്ജ് തീർഥാടകർക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾക്കായി അപ്പോയിൻറ്മെൻറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയത്തിെൻറ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘സീഹത്തി’ ആപ്പ് വഴി ലളിതമായ ഘട്ടങ്ങളിലൂടെ വാക്‌സിനേഷൻ ബുക്കിങ് പൂർത്തിയാക്കാമെന്ന് അധികൃതർ അറിയിച്ചു.
ഹജ്ജ് കർമങ്ങളുടെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ നടപടികൾ സുഗമമായും വേഗത്തിലും പൂർത്തിയാക്കാൻ തീർഥാടകരെ പ്രാപ്തരാക്കുന്നതിനാണ് സീഹത്തി ആപ്പിൽ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. ആപ്പിലൂടെ അപ്പോയിൻറ്മെൻറ് എടുക്കുന്ന രീതി താഴെ പറയുന്നവയാണ്. ആദ്യം സീഹത്തി ആപ്പിൽ ലോഗിൻ ചെയ്ത് ഗുണഭോക്താവിെൻറ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കണം. തുടർന്ന് ‘ന്യൂ അപ്പോയിൻറ്മെൻറ്’ സെക്ഷനിലൂടെ ലഭ്യമായ സമയക്രമം നോക്കി അനുയോജ്യമായ തീയതി തെരഞ്ഞെടുക്കാം. ഇതിനുശേഷം തങ്ങൾക്ക് സൗകര്യപ്രദമായ വാക്‌സിനേഷൻ ക്ലിനിക്ക് കൂടി തെരഞ്ഞെടുത്ത് സ്ഥിരീകരിക്കുന്നതോടെ ബുക്കിങ് നടപടികൾ പൂർത്തിയാകും.
ഉചിതമായ ആരോഗ്യ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനും അപ്പോയിൻറ്മെൻറുകൾ കാര്യക്ഷമമായി മാനേജ് ചെയ്യാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത വാക്‌സിനുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെയും ഹജ്ജ് നിർവഹണത്തിനായുള്ള നിർബന്ധിത ആരോഗ്യ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെയും തീർഥാടകരുടെ സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യം.
ആരോഗ്യകരവും സുരക്ഷിതവുമായ ഹജ്ജ് തീർഥാടനം ഉറപ്പാക്കുന്നതിനായി എല്ലാവരും സീഹത്തി ആപ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും നിശ്ചിത സമയത്തിനുള്ളിൽ തന്നെ വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.