തീർഥാടകർക്കായി ആരംഭിച്ച ‘മക്ക ടാക്സി’ പദ്ധതി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മക്കയിൽ തീർഥാടകർക്ക് ഗതാഗത സൗകര്യവുമായി ‘മക്ക ടാക്സി’ പദ്ധതിക്ക് തുടക്കം. സൗദിയിലെ വിവിധ നഗരങ്ങളിൽ ആരംഭിക്കുന്ന പൊതു ടാക്സി ഓപറേറ്റിങ് സംവിധാനങ്ങളുടെ ഭാഗമാണിത്. ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ് ഉംറ സമ്മേളനത്തിൽ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽ ജാസർ, ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽറബീഅ എന്നിവരുടെ സാന്നിധ്യത്തിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ‘മക്ക ടാക്സി’ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
പുണ്യനഗരത്തിലെത്തുന്ന ദൈവത്തിന്റെ അതിഥികൾക്ക് സുരക്ഷിതവും എളുപ്പവുമായ ഗതാഗത സൗകര്യമായാണ് മക്ക ടാക്സി സർവിസ് ആരംഭിച്ചിരിക്കുന്നത്. ‘അമാൻ ടാക്സി കമ്പനി’യാണ് ടാക്സി സംവിധാനം ഒരുക്കുന്നത്. രാജ്യത്തെ ആദ്യത്തെ പൊതുടാക്സി ഓപറേറ്റിങ് ലൈസൻസ് അമാൻ കമ്പനിക്ക് ഹജ്ജ് ഉംറ സമ്മേളനത്തിൽവെച്ച് കൈമാറി. കരാർ മൂന്ന് വർഷത്തേക്കാണ്. സേവനത്തിന്റെ ഗുണനിലവാരം ഉയർത്തുക, സുഖകരവും എളുപ്പം ലഭിക്കുന്നതുമായ ഗതാഗത സൗകര്യം ഒരുക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുള്ള നൂതന സേവനങ്ങൾ നൽകുക, തീർഥാടകരും മക്ക നിവാസികളും പുണ്യ നഗരത്തിലെത്തുന്ന മറ്റുള്ളവരുമായ എല്ലാവരുടെയും ഗതാഗത ആവശ്യം നിറവേറ്റുക എന്നിവയാണ് പദ്ധതി ലക്ഷ്യം. ഗതാഗത അതോറിറ്റിയുടെ പൊതുപദ്ധതികളിലൊന്നാണ് ‘മക്ക ടാക്സി’ സേവനമെന്ന് മക്ക, മശാഇർ റോയൽ കമീഷൻ വ്യക്തമാക്കി. ഘട്ടംഘട്ടമായാണ് ഇത് നടപ്പാക്കുന്നത്. ആദ്യ ഘട്ടമാണ് ജനുവരി 13ന് ആരംഭിച്ചത്.
ദിവസം 24 മണിക്കൂർ എന്ന നിലയിൽ ആഴ്ചയിൽ ഏഴ് ദിവസവും ടാക്സി സേവനം ലഭ്യമാകും. ഇതിനായി പരിസ്ഥിതി സൗഹൃദപരമായ 1,800 വാഹനങ്ങൾ നിരത്തിലിറക്കും. മക്ക നഗരത്തിലുടനീളം പ്രധാന ബസ്, ട്രെയിൻ സ്റ്റേഷനുകളോട് ചേർന്നും ഹറം പരിസരത്തും 47 സ്ഥലങ്ങളിൽ ടാക്സി സർവിസ് ലഭ്യമാക്കുമെന്നും റോയൽ കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.