ഫോക്കസ് ഇന്റർനാഷനൽ ദമ്മാമിൽ സംഘടിപ്പിച്ച സിന്തസിസ് ഫോറം പരിപാടിയിൽനിന്ന്
ദമ്മാം: സിന്തസിസ് 4.0 എന്ന പേരിൽ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനൽ സംഘടിപ്പിച്ച കൗൺസിൽ മീറ്റ് സമാപിച്ചു. ദമ്മാം പാലസ് ഹോട്ടലിൽ നടന്ന മീറ്റിൽ സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയിലെ പുതിയ നയങ്ങളും രീതിശാസ്ത്രവും പുതുതലമുറയെ ഒരു നല്ല പൗരനാക്കി മാറ്റുന്നതിൽ എത്രമാത്രം സഹായകരമാകുന്നു എന്ന വിഷയത്തെ കുറിച്ച് നടന്ന ചർച്ചക്ക് ഫോക്കസ് ഇന്റർനാഷനൽ ഡെപ്യൂട്ടി സി.ഇ.ഒ ഷബീർ വെള്ളാടത്ത് നേതൃത്വം നൽകി. വിദ്യാഭ്യാസ രീതിശാസ്ത്രത്തോടുള്ള അധികാരികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമീപനത്തെ ചർച്ചക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തിൽ ഈ വർഷം അവസാനം എജു ഫോക്കസ് കാമ്പയിൻ നടത്താനുള്ള പ്രവർത്തന രൂപരേഖ കൗൺസിൽ അംഗീകരിച്ചു.
ജരീർ വേങ്ങര (സൗദി), അമീർ ഷാജി (ഖത്തർ), സൈദ് മുഹമ്മദ് (കുവൈത്ത്), നൂറുദ്ദീൻ (ബഹ്റൈൻ) എന്നിവർ വിവിധ റീജ്യനുകളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യുനൈറ്റഡ് നേഷൻസ് വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന പദ്ധതികളെ അടിസ്ഥാനമാക്കി പ്രഥമ ഇന്റർനാഷനൽ യൂത്ത് കോൺഫറൻസ് സൗദി അറേബ്യയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫോക്കസ് ഇന്റർനാഷനൽ സി.ഇ.ഒ ഷമീർ വലിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. ഫിറോസ് മരക്കാർ, ഹർഷിദ് മാത്തോട്ടം, മുഹമ്മദ് റിയാസ്, അസ്കർ റഹ്മാൻ, എം. താജുദ്ദീൻ, യൂസുഫ് കൊടിഞ്ഞി, മുനീർ അഹ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.