നാട്ടിലേക്ക് മടങ്ങുന്ന തനിമ നേതാക്കളായ നാസിറുദ്ദീനും ആബിദക്കും സോണൽ പ്രസിഡൻറ് തൗഫീഖുറഹ്മാൻ ഉപഹാരം നൽകുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന തനിമ ഏരിയ കമ്മിറ്റിയംഗവും സാംസ്കാരിക പ്രവർത്തകനുമായ നാസിറുദ്ദീൻ വടുതലക്കും ഭാര്യ ആബിദ ടീച്ചർക്കും സനാഇയ്യ ഏരിയകമ്മിറ്റി യാത്രയയപ്പ് നൽകി. 25 വർഷം സൗദി അറേബ്യൻ ടെക്സ് കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു.
അൽ തുറൈഫിൽ നിന്നാരംഭിച്ച പ്രവാസം മൂന്നു പതിറ്റാണ്ട് പിന്നിട്ട്, വിദ്യാഭ്യാസ രംഗത്ത് സേവനം അനുഷ്ഠിച്ച് ഇരുവരും നാട്ടിലേക്ക് മടങ്ങുകയാണ്. നൂറുകണക്കിന് വിദ്യാർഥികൾക്കും മുതിർന്നവർക്കും അറിവുപകർന്ന മദ്റസ, ഖുർആൻ സ്റ്റഡി സെൻറർ മേഖലയിൽ പതിറ്റാണ്ടുകൾ പ്രവർത്തിച്ചു.
വാടാനപ്പള്ളി അലുംനി ‘ഉസ്റ’, തൃശൂർ ‘ഒരുമ’ കൂട്ടായ്മ, തനിമ എക്സിക്യൂട്ടിവ് അംഗം, ഗുബേര യൂനിറ്റ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാട്ടിൽ അധ്യാപികയായിരുന്ന ആബിദ ടീച്ചർ റിയാദിലെ വനിതാ സംഘാടനാരംഗത്ത് സജീവമായിരുന്നു. വിവാഹിതരായ മക്കൾ നസീബ തൻസിൽ, നസീല തഹ്സിൻ എന്നിവർ നാട്ടിൽ അധ്യാപകരാണ്. മരുമക്കൾ അജീബ്, മുഹമ്മദ് ഷിഫിൽ.
അസീസിയ ഗ്രേറ്റ് ഇന്ത്യൻ സ്കൂളിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡൻറ് റിഷാദ് എളമരം അധ്യക്ഷത വഹിച്ചു. തനിമ സൗത്ത് സോണൽ പ്രസിഡൻറ് തൗഫീഖുറഹ്മാൻ ആശംസകൾ നേർന്നു സംസാരിച്ചു.
അറിവും നൈപുണികളും ഏറെയുള്ള ദമ്പതികളാണ് പ്രവാസത്തിെൻറ ചില്ലയിൽ നിന്നും പറന്നകലുന്നതെന്നും ഇവിടെ നിന്നും നേടിയ ശേഷികൾ നാടിെൻറ സാമൂഹിക സേവന മേഖലകളിൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സലീം വടകര, അബ്ദുറഹ്മാൻ ഒലയാൻ, അബ്ദുൽ ശുകൂർ, ശരീഫ് മാസ്റ്റർ, നസീറ റഫീഖ്, അഷ്റഫ് കൊടിഞ്ഞി തുടങ്ങിയവർ സംസാരിച്ചു. തനിമ പ്രസിഡൻറ് തൗഫീഖുറഹ്മാൻ ഇരുവർക്കും ആശംസ ഫലകവും ഉപഹാരവും സമ്മാനിച്ചു. നാസിറുദ്ദീനും ഭാര്യ ആബിദയും മറുപടി പ്രസംഗം നടത്തി.
സ്നേഹത്തിനും കരുതലിനും ഒപ്പം യാത്രയയപ്പിനും നന്ദി പറഞ്ഞ ഇരുവരും വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചു. തനിമ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഖലീൽ അബ്ദുല്ല, ശിഹാബ് കുണ്ടൂർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.