ജിദ്ദ: സൗദിയിൽ കുടുംബസമ്മേതം യാത്ര ചെയ്യുന്നവർക്ക് ഫാമിലി ടാക്സി സർവീസ് പദ്ധതി. രാജ്യത്തെ കുടുംബങ്ങൾക്ക് ഗതാഗതം മികച്ചതാക്കാൻ പൊതുഗതാഗത രംഗത്തെ നൂതന പദ്ധതിയാണിത്. ഫാമിലി ടാക്സി ഡ്രൈവർ ജോലി സ്ത്രീകൾക്ക് മാത്രമായിരിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. സ്ഥാപനങ്ങൾക്ക് മാത്രമേ ഇതിനു ലൈസൻസ് നൽകൂ. സ്ത്രീകൾക്ക് വാഹനമോടിക്കാൻ ലൈസൻസ് നൽകിയ രാജകൽപനയുടെ ഭാഗമായാണ് ഫാമിലി ടാക്സി പദ്ധതി. ഗതാഗത അതോറിറ്റിയുടെ ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് സ്ത്രീകൾക്ക് കരയിൽ ഏത് വാഹനവും ഒാടിക്കാൻ അനുവാദം നൽകുന്നുണ്ട്. ഇതിന് നിശ്ചയിച്ച നിബന്ധനകൾ പൂർത്തിയാക്കിയിരിക്കണം. അപ്പോൾ അനുമതി നൽകുമെന്നും ഗതാഗത അതോറിറ്റി വ്യക്തമാക്കി. ഫാമിലി ടാക്സികൾക്ക് വേണ്ട നിബന്ധനകളും അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
യാത്രക്കാരിൽ സ്ത്രീകൾ ഉണ്ടായിരിക്കണം, പുരുഷന്മാരോ, ആൺകുട്ടികളോ മുൻസീറ്റിൽ ഇരിക്കരുത്, വാഹനത്തിനുള്ളിൽ പുരുഷന്മാരും ആൺകുട്ടികളും മാത്രമാകരുത് തുടങ്ങിയവ നിബന്ധനകളിൽപെടും. പുകവലി, യാത്രക്കാരെ കുത്തിനിറക്കൽ, വാഹനത്തിനുള്ളിൽ ഭക്ഷണം കഴിക്കൽ, ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹനത്തിലെ ഉപകരണങ്ങൾ കേടുവരുത്താൻ ശ്രമിക്കൽ, വൃത്തിക്കേടാക്കൽ, അകത്തും പുറത്തും സ്റ്റിക്കറുകൾ ഒട്ടിക്കൽ, പൊതുമര്യാദകൾ പാലിക്കാതിരിക്കൽ എന്നിവ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായാൽ യാത്രാ സേവനം റദ്ദാക്കാമെന്നും വ്യവസ്ഥയിലുണ്ട്. വാഹനം കുറഞ്ഞത് ഏഴ് സീറ്റുകളുള്ളതും മോഡൽ അഞ്ച് വർഷം കഴിയാത്തതും പുതിയതും ടാക്സിയായി രജിസ്റ്റർ ചെയ്തതുമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.