ജിസാൻ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ അൽ മൗസം തീരത്ത് നീന്തുന്നതിനിടെ കടലിൽ മുങ്ങിപ്പോകാൻ തുടങ്ങിയ വിദേശിക്ക് അതിർത്തി രക്ഷാസേന രക്ഷകരായി. എരിത്രിയൻ പൗരനാണ് അപകടത്തിൽപ്പെട്ടത്. കടലിൽ നീന്തുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന ബോർഡർ ഗാർഡിെൻറ സെർച്ച് ആൻഡ് റെസ്ക്യൂ ടീം തൽക്ഷണം ഇടപെടുകയും ഇദ്ദേഹത്തെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു. കരയിലെത്തിച്ച പ്രവാസിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഈ സംഭവത്തിെൻറ പശ്ചാത്തലത്തിൽ, വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് സുപ്രധാന സുരക്ഷ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കടലിൽ ഇറങ്ങുന്നവർ കാലാവസ്ഥാ വ്യതിയാനങ്ങളും കടൽക്ഷോഭവും കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണം, അധികൃതർ നിശ്ചയിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണം, നീന്താൻ അനുമതിയുള്ള നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം കടലിൽ ഇറങ്ങുക എന്നിവയാണ് നിർദേശങ്ങൾ.
ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അടിയന്തര സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, കിഴക്കൻ പ്രവിശ്യ (911), രാജ്യത്തെ മറ്റ് പ്രദേശങ്ങൾ (994) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.