റിയാദ്: ഇന്ത്യ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സംഭാവന നൽകുന്ന പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഉടൻ ഒരുക്കണമെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാൻ പ്രവാസികൾക്കും അവകാശമുണ്ടെന്നും രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം പ്രവാസികളാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം യഥാർഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
രണ്ടത്താണി ടൗൺ, സ്കൂൾ, ബാങ്ക്, പോസ്റ്റ് ഓഫീസ് ആരാധനാലയം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും ഇത് പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ വിഷയം പാർലമെൻറിൽ അവതരിപ്പിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പി, നിയമസഭയിൽ അവതരിപ്പിച്ച പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവരെ യോഗം അഭിനന്ദിച്ചു.
റമദാനിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നടത്തുന്ന സി.എച്ച്. സെൻറർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ട് കലക്ഷൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. മാർച്ച് 29ന് കോട്ടക്കൽ മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകർക്കായി ഇഫ്താർ സംഗമം നടത്താനും യോഗം തീരുമാനിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. അബ്ദുസമദ് സമദാനിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. ബത്ഹയിൽ നടന്ന യോഗം ജില്ല വൈസ് പ്രസിഡൻറ് മൊയ്ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.
മൊയ്ദീൻ കുട്ടി പൂവ്വാട്, ഇസ്മാഈൽ പൊന്മള, ഷുഹൈബ് മന്നാനി വളാഞ്ചേരി, ദിലൈബ് ചാപ്പനങ്ങാടി, ഫർഹാൻ കാടാമ്പുഴ, നിസാർ പാറശ്ശേരി, അബ്ദുൽ ഗഫൂർ കോൽക്കളം, മൊയ്ദീൻ കോട്ടക്കൽ, മജീദ് ബാവ, ഫിറോസ് വളാഞ്ചേരി, ഫാറൂഖ് പൊന്മള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.