ജുബൈൽ: പ്രവാസികളുടെയും രാജ്യത്തിന് പുറത്തുള്ള അവരുടെ കുടുംബാംഗങ്ങളുടെയും എക്സിറ്റ് / എൻട്രി വിസകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള സംവിധാനം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) പുറത്തിറക്കി. ഇഖാമയുടെ കാലാവധി നീട്ടുന്നതിനും റീഎൻട്രി വിസക്കും ഫൈനൽ എക്സിറ്റിനും ഇതു ബാധകമാണ്. ആഭ്യന്തര മന്ത്രാലയത്തിെൻറ അബ്ഷീർ, മുഖീം പോർട്ടലുകൾ വഴി കാലാവധി നീട്ടാൻ കഴിയും എന്നതിനാൽ ജവസാത്ത് ഓഫിസുകളുമായി നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യമില്ലെന്ന് ഒൗദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. ജൂൺ 30 വരെ വിദേശ തൊഴിലാളികളെ ഫീസിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം ജവാസത്ത് നേരത്തേ അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിമാനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിയ സാഹചര്യത്തിലാണിത്. തൊഴിലുടമകളോ ആശ്രിതവിസകളുടെ സ്പോൺസർമാരോ സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് വിസ സർവിസ് പോർട്ടൽ വഴി കാലാവധി ദീർഘിപ്പിക്കാൻ അപേക്ഷ നൽകണം.
നീട്ടുന്ന കാലയളവ് വരെയുള്ള സാധുവായ ഇഖാമയുടെ വിശദാംശങ്ങളും ഒപ്പം നൽകണം. മാർച്ച് 18നും ജൂൺ 30നും ഇടയിൽ ഇഖാമ കാലഹരണപ്പെടുന്ന വിദേശികൾക്ക് അവരുടെ ഇഖാമ മൂന്നുമാസത്തേക്ക് സൗജന്യമായി നീട്ടിനൽകുകയും ഫീസിൽനിന്ന് ഒഴിവാക്കുകയും ചെയ്യും. ഫെബ്രുവരി 25 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ എക്സിറ്റ് / എൻട്രി വിസകൾ ഉപയോഗിച്ചിട്ടില്ലാത്തവർക്ക് ഫീസ് കൂടാതെ മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചു നൽകും. ഇഖാമ കാലഹരണപ്പെട്ടതിനു ശേഷം തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് നൽകിയ ഉടമകൾക്ക് അവരുടെ തൊഴിലാളികളുടെ ഫൈനൽ എക്സിറ്റ് റദ്ദാക്കാമെന്നും രാജ്യത്ത് അവരുടെ താമസം മൂന്നു മാസത്തേക്ക് നീട്ടാമെന്നും അധികൃതർ പറഞ്ഞു. ഫൈനൽ എക്സിറ്റ്, റീഎൻട്രി വിസകൾ കൈവശമുള്ള രാജ്യത്തെ എല്ലാ വിദേശികളോടും കാലാവധി അവസാനിക്കുന്നതിനു മുമ്പ് വേഗത്തിൽ അവ റദ്ദാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കാലാവധി കഴിയുന്ന വിസക്ക് നിശ്ചിത പിഴ ഒഴിവാക്കുന്നതിനാണിത്. വിദേശകാര്യ മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് വിസ പോർട്ടൽ ലിങ്ക് വഴി നിലവിൽ രാജ്യത്ത് പുറത്തുള്ള വിദേശ തൊഴിലാളികളുടെയോ ആശ്രിതരുടെയോ വിസ കാലാവധി നീട്ടുന്നതിന് സൗകര്യം ലഭ്യമാണ്. https://visa.mofa.gov.sa/ExtendReturnedVisa എന്നതാണ് ലിങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.