ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘മാറ്റത്തിന്റെ മനഃശാസ്ത്രം ആധുനികതയിലും ഇസ്ലാമിലും’ വിഷയത്തിൽ ഡോ. അലി അക്ബർ ഇരിവേറ്റി സംസാരിക്കുന്നു
ജിദ്ദ: വ്യവസ്ഥിതിയിലുള്ള മാറ്റത്തിന് ഒരു സമൂഹത്തെ പൂർണമായും ഉദ്ബുദ്ധമാക്കാനോ പരിഷ്കരിക്കാനോ കഴിയില്ലെന്നും മറിച്ച് ഒാരോ വ്യക്തിയുടേയും മനഃസ്ഥിതി മാറുന്നതിലൂടെയാണ് സമ്പൂർണ പരിവർത്തനം സാധ്യമാകുന്നതെന്നും മനഃശാസ്ത്ര കൗൺസലറും വാഗ്മിയുമായ ഡോ. അലി അക്ബർ ഇരിവേറ്റി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസിൽ 'മാറ്റത്തിന്റെ മനഃശാസ്ത്രം ആധുനികതയിലും ഇസ്ലാമിലും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാംസ്കാരികമായി തികഞ്ഞ അന്ധകാരത്തിൽ ജീവിച്ചിരുന്ന അറേബ്യൻ ജനതയെ ലോകത്തിന് മാതൃകയാക്കാൻ ഉതകുന്ന ഒരു സമൂഹമായി പരിവർത്തിപ്പിക്കാൻ പ്രവാചകൻ മുഹമ്മദ് നബി ദൈവിക സഹായത്തോടെ നടത്തിയ ഇടപെടലുകളെ മനഃശാസ്ത്രത്തിന്റെ മാനങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു. മനസ്സിന്റെ മാറ്റം സംഭവിക്കാതെ പ്രകടനപരതയിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഫലവത്തായ വ്യക്തിത്വ വികസനം അസാധ്യമാണ്. ജീവിതത്തിൽ അച്ചടക്കം, സഹാനുഭൂതി, കൃത്യനിഷ്ഠ, സാമൂഹികബോധവും സാമൂഹിക പ്രതിബദ്ധതയും, ആത്മധൈര്യം ഇവയൊക്ക അസാമാന്യ വ്യക്തിത്വമുള്ളവരുടെ ഗുണങ്ങളാണ്. അന്യന്റെ വ്യക്തിത്വം അംഗീകരിക്കാനും സ്നേഹിക്കാനുമുള്ള സുന്ദരമായ മനസ്സുവേണം.
ഇവിടെയാണ് ഇസ്ലാമിക മനഃശാസ്ത്രം പ്രസക്തമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രവാചകന്റെ ആളുകളോടുള്ള ഇടപെടലുകളും പെരുമാറ്റവും സമീപനവും വളരെ കൃത്യമായി പരിശോധിക്കുമ്പോൾ അദ്ദേഹം മനുഷ്യമനസ്സിനോടായിരുന്നു സംവദിച്ചിരുന്നതെന്ന് ബോധ്യമാകും. പ്രവാചകചര്യകളെ ജീവശ്വാസമായി കൊണ്ടു നടക്കുന്ന ഒരു മുസ്ലിം മൂല്യവത്തായ മനഃശാസ്ത്ര തത്ത്വങ്ങളുടെ ജീവിക്കുന്ന ഉദാഹരണമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും അബ്ബാസ് ചെമ്പൻ നന്ദിയും പറഞ്ഞു.
'സ്നേഹത്തിന്റെ ഭാഷ: പ്രവാചകൻ പറഞ്ഞതും മനഃശാസ്ത്രം പറയുന്നതും' വിഷയത്തിൽ ഡോ. അലി അക്ബർ ഇരിവേറ്റിയുടെ പൊതുപ്രഭാഷണം നവംബർ 18ന് വെള്ളിയാഴ്ച രാത്രി എട്ടിന് ജിദ്ദ നാഷനൽ ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കുമെന്നും വിശദവിവരങ്ങൾക്ക് 0556278966 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.