രാജേശ്വരി രാജന് വിമാന ടിക്കറ്റ് പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി അംഗം റഊഫ് ചാവക്കാട് കൈമാറുന്നു
ദമ്മാം: ഒരു വർഷത്തിലധികമായി നിയമക്കുരുക്കിൽപെട്ട് ദുരിതത്തിലായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി രാജേശ്വരി രാജൻ നാടണഞ്ഞു. ദമ്മാമിൽ സ്വദേശിയുടെ വീട്ടിൽ ഒരു വർഷം മുമ്പ് വീട്ടുജോലിക്ക് എത്തിയതായിരുന്നു ഇവർ. ഭാരിച്ച ജോലിയും ശാരീരികപീഡനങ്ങളും മൂലം ബുദ്ധിമുട്ടി കഴിയുകയായിരുന്നു. ഇതിനിടക്ക് ന്യൂമോണിയ ബാധിച്ച് അവശനിലയിൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
അതിനുശേഷവും ശാരീരികപ്രയാസങ്ങൾ കാരണം ജോലി ചെയ്യാൻ സാധിക്കാതെയായപ്പോൾ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെ സഹായം തേടുകയായിരുന്നു. അദ്ദേഹം മഞ്ജു മണിക്കുട്ടന്റെ സഹായത്താൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയശേഷം ദമ്മാം വനിത അഭയകേന്ദ്രത്തിൽ താമസിപ്പിച്ചു.
ഇതിനിടയിൽ സ്പോൺസർ വീട്ടിൽനിന്നു കാണാതായെന്നു കാണിച്ച് 'ഹുറൂബാ'ക്കുകയും ചെയ്തു. ഈ വിവരങ്ങൾ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ടും മറ്റു രേഖകളും ലഭിച്ചു. സാമൂഹിക പ്രവർത്തകൻ വെങ്കിടേഷിന്റെ സഹായത്തോടെ ഫൈനൽ എക്സിറ്റ് ലഭിച്ചു.
പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി അംഗം റഊഫ് ചാവക്കാട് വഴി ഡ്രീം ടെസ്റ്റിനേഷൻ ടൂർ ആൻഡ് ട്രാവൽസ് നൽകിയ സൗജന്യ ടിക്കറ്റിൽ കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങി. ഇവർക്കുള്ള ഒരു മാസത്തെ ഭക്ഷണം, വസ്ത്രം, മറ്റു നിത്യോപയോഗ സാധനങ്ങൾ യൂത്ത് ഇന്ത്യ, ഐ.എം.സി.സി, പ്രവാസി വെൽഫെയർ, ഹൈദരാബാദ് അസോസിയേഷൻ എന്നീ സംഘടനകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.