മക്ക: മക്ക-മശാഇർ റോയൽ കമീഷൻ ‘ഡിസ്കവർ മക്ക’ മാപ് പുറത്തിറക്കി. ആളുകൾക്ക് മക്കയിലെ ലാൻഡ് മാർക്കുകൾ എളുപ്പത്തിൽ തിരിച്ചറിയാനും ആക്സസ് ചെയ്യാനും എളുപ്പമാക്കുന്ന സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്നതാണിത്.
നഗരത്തിലെ ചരിത്ര, സാംസ്കാരിക, പൈതൃകകേന്ദ്രങ്ങൾ, വിനോദ, വാണിജ്യ പ്രധാനസ്ഥലങ്ങൾ എന്നിവ മാപ്പിൽ എടുത്തുകാണിക്കുന്നുണ്ട്. മക്കയിലെത്തുന്ന എല്ലാവർക്കും ഏത് സ്ഥലങ്ങളും വേഗത്തിൽ തിരിച്ചറിയാനും അവിടെ എത്തിച്ചേരാനും കഴിയുന്നവിധമുള്ള ഭൂപടമാണ് തയ്യാറാക്കിയിരിക്കുന്നത്.
മക്കയുടെ ചരിത്ര, പുരാവസ്തുപരവുമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും ലോകത്തിന് വേഗം അവ തിരിച്ചറിയുന്നതിനും സന്ദർശിക്കുന്നതിനുമുള്ള സൗകര്യമൊരുക്കുന്നതിന്റെ പുതിയ ചുവടുവെപ്പാണ് ‘ഡിസ്കവർ മക്ക’ ഭൂപടമെന്ന് മക്ക-മശാഇർ റോയൽ കമീഷൻ സി.ഇ.ഒ. സാലിഹ് അൽ റഷീദ് പറഞ്ഞു.
ലാൻഡ് മാർക്കുകളുമായുള്ള സന്ദർശകരുടെ ഇടപഴകൽ വർധിപ്പിക്കുകയും വിദ്യാഭ്യാസപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ സ്ഥലങ്ങൾ എന്ന നിലയിൽ അവയിൽനിന്ന് പ്രയോജനം നേടാനുള്ള അവസരം നൽകുകയും ചെയ്യുന്നതിന് ഇത് സഹായിക്കും.
മക്കയുടെ പ്രത്യേകത കണക്കിലെടുത്ത് കൂടുതൽ മൂല്യമുള്ള വിവിധ അനുഭവങ്ങൾ നൽകാനാണ് കമീഷൻ പ്രവർത്തിക്കുന്നത്.
അതോടൊപ്പം സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുന്നതിനും വിശുദ്ധ നഗരമായ മക്കയിലെ നിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സന്ദർശകർക്ക് സൈറ്റുകൾ എളുപ്പത്തിൽ ബ്രൗസ് ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്ത ഡേറ്റയിൽനിന്ന് കൂടുതൽ വിവരങ്ങൾ നേടുന്നതിനും പ്രാപ്തമാക്കുന്ന വിപുലമായ ഡിജിറ്റൽ സംവിധാനത്തോടെയുള്ളതാണ് ഡിസ്കവർ മാപ്. മക്ക, മശാഇർ റോയൽ കമീഷന്റെ വെബ്സൈറ്റിലെ ‘ഡിസ്കവർ മക്ക’ പേജ് വഴി മാപ് ആക്സസ് ചെയ്യാൻ കഴിയും.
മക്കയിലെ യാത്ര മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകുമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.