സൗദിയിൽ മലയാളി യുവാവിനെ പെട്രോൾ പമ്പിൽ വെടിവെച്ച പ്രതി അറസ്​റ്റിൽ

റിയാദ്​: സൗദിയിൽ പെ​ട്രോൾ പമ്പ്​ ജീവനക്കാരനായ മലയാളി യുവാവിനെ വെടിവെച്ച പ്രതി പൊലീസ്​ പിടിയിൽ. ആഗസ്​റ്റ്​ 12ന് പുലർച്ചെ​ ആറോടെ റിയാദ്​ പ്രവിശ്യയിലെ വാദി ദവാസിറിലെ ഒരു പെട്രോൾ പമ്പിൽ കൊല്ലം കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദീ​െൻറയും പരേതയായ ലൈലാബീവിയുടെയും മകൻ മുഹമ്മദിനെ (27) വെടിവെച്ച സൗദി പൗരനാണ്​ പിടിയിലായതെന്ന്​ റിയാദ്​ പൊലീസ്​ വക്​താവ്​ മേജർ ഖാലിദ്​ അൽ ഖുറൈദിസ്​ അറിയിച്ചു.

30 വയസ്​ പ്രായമുള്ളയാളാണ്​ പ്രതിയെന്നും മേൽനടപടികൾക്കായി പബ്ലിക്​ ​പ്രോസിക്യൂഷൻ ഡിപാർട്ട്​മെൻറിന്​ കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാറുമായെത്തിയ പ്രതി പെട്രോളടിച്ച ശേഷം പണം നൽകാതെ പോകാനൊരുങ്ങിയപ്പോൾ അത്​ ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ്​ വെടിയുതിർത്തതത്രെ​. ​പണം ചോദിച്ച് അടുത്തു ചെന്നപ്പോൾ മുഹമ്മദിന്​ നേരേ വെടിയുതിർക്കുകയായിരുന്നു. തുടക്ക്​ വെടിയേറ്റ മുഹമ്മദ് വാദി ദവാസിറിലെ മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയക്ക്​ വിധേയനായ ശേഷം ചികിത്സയിലാണ്.

കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ട സ്വദേശി പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്​തു. കാർ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് കാൽ മണിക്കൂറിലധികം അവിടെ കിടന്ന മുഹമ്മദിനെ കുളപ്പാടം സ്വദേശിയായ സിറാജുദീൻ സഖാഫിയും മറ്റ്​ മലയാളികളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ആവശ്യമായതിനാൽ സിറാജുദ്ദീൻ സഖാഫി മുൻകൈയ്യെടുത്ത് യുവാവിനെ അവിടെയുളള പട്ടാള ക്യാമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പമ്പിനടുത്തുള്ള ഒരു ലോഡ്ജിലെ ജീവനക്കാരനായ മുഹമ്മദ് പമ്പിൽ താൽക്കാലിക ജോലിക്കായി കയറിയതായിരുന്നു. മാതാവ് മരണമടഞ്ഞതിനെ തുടർന്ന് കുട്ടിക്കാലം മുതൽ മാതൃസഹോദരൻ നിസാമുദ്ദീ​െൻറ സംരക്ഷണയിലാണ് കഴിഞ്ഞു വന്നത്. അഞ്ചു വർഷമായി സൗദിയിലുള്ള മുഹമ്മദ് ഒരു തവണ നാട്ടിൽ പോയിരുന്നു. സംഭവത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടൽ ആവശ്യപ്പെട്ട്​ പൊതുപ്രവർത്തകനും ഐ.എൻ.ടി.യു.സി കൊല്ലം ജില്ല സെക്രട്ടറിയുമായ അയത്തിൽ നിസാമിെൻറ സഹായത്തോടെ ബന്ധുക്കൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്ക്​ കഴിഞ്ഞ മാസം 18 ന് നിവേദനം നൽകിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മുഹമ്മദ്​ സിറാജുദ്ദീൻ സഖാഫിയൊടൊപ്പമാണ്​ വാദി ദവാസിറിൽ കഴിയുന്നത്​. അതിനിടെയാണ്​ പ്രതിയെ പിടികൂടിയതായ വിവരമെത്തിയത്​.

Tags:    
News Summary - Defendant arrested for shooting Malayalee youth at petrol pump in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.