റിയാദ്: സൗദി തലസ്ഥാനത്തെ യാത്രാ സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിെൻറ ഭാഗമായി ഹയാത്ത് മാളിനെയും റിയാദ് ഗാലറിയെയും ബന്ധിപ്പിച്ച് സെൽഫ് ഡ്രൈവ് (ഡ്രൈവറില്ലാ) വാഹനങ്ങൾക്കായി പുതിയ റൂട്ട് ആരംഭിച്ചു. റിയാദ് പൊതുഗതാഗത അതോറിറ്റിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തുടനീളം സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ ഗതാഗത മേഖലയിൽ നടപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ സംരംഭം.
നേരിട്ടുള്ള സാങ്കേതിക മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും ഈ വാഹനങ്ങൾ ദിവസവും സർവിസ് നടത്തുക. യാത്രക്കാർക്ക് സുരക്ഷിതവും അത്യാധുനികവുമായ യാത്രാനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റോഡും ചുറ്റുപാടുകളും കൃത്യമായി നിരീക്ഷിക്കാനും ഗതാഗത മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കാനും ശേഷിയുള്ള അത്യാധുനിക സെൻസറുകൾ, കാമറകൾ, ഇൻറലിജൻറ് സിസ്റ്റങ്ങൾ എന്നിവ ഈ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡ്രൈവിങ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും മനുഷ്യസഹജമായ പിശകുകൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്ന നിയന്ത്രണ സാങ്കേതികവിദ്യകളും ഇതിെൻറ പ്രത്യേകതയാണ്.
ദേശീയ ഗതാഗത-ലോജിസ്റ്റിക്സ് പദ്ധതിയുടെയും വിഷൻ 2030-െൻറയും ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ സേവനം വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവിസുകളുടെ വിജയമാണ് പുതിയ റൂട്ട് ആരംഭിക്കാൻ അതോറിറ്റിയെ പ്രേരിപ്പിച്ചത്. മുൻ ഘട്ടങ്ങളിൽ സെൽഫ് ഡ്രൈവ് വാഹനങ്ങൾ 1,700-ലധികം യാത്രകളിലായി 3,000-ത്തോളം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു. ഏകദേശം 30,000 കിലോമീറ്ററിലധികം ദൂരം വിജയകരമായി സഞ്ചരിച്ചതായും അധികൃതർ വ്യക്തമാക്കി.
സമീപഭാവിയിൽ കൂടുതൽ റൂട്ടുകളിലേക്ക് സേവനം വ്യാപിപ്പിക്കാൻ അതോറിറ്റിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽജാസർ ആണ് റിയാദിൽ ആദ്യമായി സെൽഫ് ഡ്രൈവ് ടാക്സി സേവനം ഉദ്ഘാടനം ചെയ്തത്. ആധുനിക സാങ്കേതിക വിദ്യയിലൂടെ സുസ്ഥിരമായ ഒരു ഗതാഗത സംവിധാനം കെട്ടിപ്പടുക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് പുതിയ റൂട്ട് കരുത്തേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.