യാംബു: സൗദി അറേബ്യയിൽ കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങി. മിക്ക പ്രദേശങ്ങളിലും താപനിലയിൽ കാര്യമായ കുറവുണ്ടായി തുടങ്ങിയിട്ടുണ്ട്. ഈ ആഴ്ച ചൂട് ഗണ്യമായി കുറയുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ താപനില 19 ഡിഗ്രി സെൽഷ്യസ് മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കാം. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹാഇൽ, വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലായിരിക്കും ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുക.
ജീസാൻ, അസീർ, അൽബാഹ, മക്ക എന്നീ മേഖലകളിൽ സജീവമായ കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മദീനയിലെ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറക്കുന്ന പൊടിക്കാറ്റ് അനുഭവപ്പെടാനിടയുണ്ട്. ഒരുഘട്ടത്തിൽ 50 ഡിഗ്രി വരെ ഉയർന്ന കടുത്ത ചൂടുകാലത്തിന് ശേഷമാണ് രാജ്യം പതിയെ തണുപ്പുകാലത്തിലേക്ക് നീങ്ങുന്നത്.
വരും ആഴ്ചകളിൽ ശൈത്യകാലത്തേക്കുള്ള മാറ്റം സജീവമാകും. ഇപ്പോൾ മിതോഷ്ണ നിലയിലുള്ള സുഖകരമായ കാലാവസ്ഥയാണ് രാജ്യത്തെങ്ങും അനുഭവപ്പെടുന്നത്. ഇനി മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതിനാൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. സജീവമായ ഉപരിതല കാറ്റ് പൊടിയും മണലും ഇളക്കിവിടുമെന്നും കേന്ദ്രം പ്രവചിച്ചു. വരുംദിവസങ്ങളിൽ അബഹയിൽ 26 ഡിഗ്രി, മക്കയിൽ 39 ഡിഗ്രി, മദീനയിൽ 37 ഡിഗ്രി, റിയാദിൽ 38 ഡിഗ്രി, ജിദ്ദയിൽ 35 ഡിഗ്രി, ദമ്മാമിൽ 41 ഡിഗ്രി, ബുറൈദയിൽ 39 ഡിഗ്രി സെൽഷ്യസ് എന്നീ നിലകളിലാകും താപനില രേഖപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.