ത്വാഇഫ്: 11ാമത് സൂഖ് ഉക്കാദ് മേളക്ക് വർണാഭമായ തുടക്കം. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ മേള സൗദി ടൂറിസം പുരാവസ്തു വകുപ്പ് മേധാവി അമീർ സുൽത്താൻ ബിൻ സൽമാെൻറ സാന്നിധ്യത്തിൽ മക്ക ഗവർണറും സൽമാൻ രാജാവിെൻറ ഉപദേഷ്ടാവുമായ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. അൽഇർഫാഅ്ലെ സൂഖ് ഉക്കാദിലെത്തിയ മക്ക ഗവർണറെ ടൂറിസം വകുപ്പ് മേധാവിയും സൂഖ് ഉക്കാദ് മേള ഉന്നതാധികാര മേൽനോട്ട സമിതി അധ്യക്ഷനുമായ അമീർ സുൽത്താൻ ബിൻ സൽമാൻ, അമീർ ബദ്ർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ്, സാംസ്കാരിക വാർത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അവാദ് സ്വാലിഹ് അൽഅവാദ്, ത്വാഇഫ് യൂനിവേഴ്സിറ്റി മേധാവി ഡോ. ഹുസാം ബിൻ അബ്ദുൽ വഹാബ് സമാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
അൾജിരീയൻ സാംസ്കാരിക വകുപ്പ് മന്ത്രി ഇസ്സുദീൻ മയ്ഹൂബി, ഒമാൻ ടൂറിസം മന്ത്രി അഹ്മദ് ബിൻ നാസ്വിർ അൽമഹ്റസി, മന്ത്രിമാർ, അമീറുമാർ എന്നിവർ സന്നിഹിതരായിരുന്നു.. കഴിഞ്ഞ വർഷത്തെ ഉക്കാദിെൻറ ചരിത്രവും വികസന ഘട്ടങ്ങളും ആവിഷ്കരിച്ച വീഡിയോ മക്ക ഗവർണറും ചടങ്ങിനെത്തിയവരും കണ്ടു. ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിനകത്തും പുറത്തുമുള്ള മന്ത്രിമാരും സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പെങ്കടുത്തു. സാഹിത്യ കലാമേഖലയിൽ 11ാമത് സൂഖ് ഉക്കാദ് അവാർഡ് ജേതാക്കളെ ചടങ്ങിൽ പ്രഖ്യാപിച്ചു. അവാർഡ് വിതരണവും ചടങ്ങിൽ നടന്നു.
ചരിത്രത്തിൽ മാഞ്ഞു പോയികൊണ്ടിരുന്ന സൂഖ് ഉക്കാദിെൻറ പുനരുദ്ധാരണത്തിനും മുൻമേളകൾക്കും അതിെൻറ പുരോഗതിക്കും വേണ്ടി ചെയ്ത സേവനങ്ങൾ മുൻനിർത്തി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിനെ ചടങ്ങിൽ ടൂറിസം വകുപ്പ് മേധാവി ആദരിച്ചു. ശേഷം എം.ബി.സി ടീം ഒരുക്കിയ പ്രത്യേക സ്റ്റേജ് ഷോയും കവിതാലാപനവും പരമ്പരാഗത നൃത്തങ്ങളും അരങ്ങേറി.
മേളയുടെ ഉദ്ഘാടനവും തുടർന്നുള്ള സാംസ്കാരിക കലാവിനോദ പരിപാടികളും പ്രകടനങ്ങളും കാണാൻ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള നിരവധി പേരെത്തി. സൂഖിനുള്ളിൽ ഒരുക്കിയ പവലിയനുകളും വിവിധ വകുപ്പുകളുടെ സ്റ്റാളുകളും അവർ സന്ദർശിച്ചു. നാഷനൽ ഗാർഡ്, ആംഡ് ഫോഴ്സ് തുടങ്ങിയ വകുപ്പുകളും മേളയിൽ പെങ്കടുക്കുന്നുണ്ട്. മേള പത്ത് ദിവസം നീളും. നൂറിലധികം വ്യത്യസ്ത പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്ന കലാസാംസ്കാരിക വിനോദ പരിപാടികളും പ്രദർശനങ്ങളും പരമ്പരാഗത കലാ കായിക മൽസരങ്ങളും പ്രകടനങ്ങളും സമ്മേളനങ്ങളും ശിൽപശാലകളും ടൂറുകളും അരങ്ങേറും.
ഒരോ പരിപാടിക്കും പ്രത്യേക സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്കാവശ്യമായ സൗകര്യങ്ങൾ വിവിധ വകുപ്പുകൾക്ക് കീഴിൽ നേരത്തെ പൂർത്തിയായിട്ടുണ്ട്. മേളയുടെ മേൽനോട്ടം ടൂറിസം പുരാവസ്തു വകുപ്പിനെ ഏൽപിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് കൽപന പുറപ്പെടുവിച്ച ശേഷമുള്ള ആദ്യമേളയാണിത്. മക്ക മേഖല ഗവർണറേറ്റ്, ത്വാഇഫ് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് വിപുലമായ ഒരുക്കങ്ങളാണ് ടൂറിസം വകുപ്പ് പൂർത്തിയാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.