കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

സരിതയെ ഇറക്കി പ്രതിരോധിക്കേണ്ട ഗതികേടിലാണ് സി.പി.എം -ബി.ആർ.എം. ഷഫീർ

റിയാദ്: സ്വർണക്കടത്ത് ഉൾപ്പടെ സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങളെ സരിത എസ്‌. നായരെ ഇറക്കി പ്രതിരോധിക്കേണ്ട ഗതികേടിലാണ് സി.പി.എമ്മെന്ന് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ അദ്ദേഹം റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

സർക്കാറിനെതിരായ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയും പാർട്ടിയും മുന്നണിയും ഉള്ളപ്പോൾ സരിത ഇറങ്ങി പ്രതിരോധിക്കാൻ മാത്രം എന്ത് കടപ്പാടാണ് സി.പി.എമ്മിനോട് സരിതക്കുള്ളത് എന്നദ്ദേഹം ചോദിച്ചു. മറ്റൊരു ശ്രീലങ്ക ആകാനൊരുങ്ങുകയാണ് ഇടതുഭരണത്തിൻ കീഴിൽ കേരളം. മൂക്കറ്റം കടത്തിൽ മുങ്ങിയിരിക്കുമ്പോഴും ആഡംബരത്തിന് ഒരു കുറവുമില്ല. സർക്കാറിന്റെ ഭാഗമായ ഒരു പദവിയും വഹിക്കാത്ത പാർട്ടി സെക്രട്ടറിക്ക് പോലും ഇസഡ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ആറുമാസം പോലും പഴക്കമില്ലാത്ത കാറുകൾ മാറ്റി പുതിയതാക്കുന്നു. ക്ലിഫ് ഹൗസിൽ കാലിതൊഴുത്തുണ്ടാക്കാൻ 42 ലക്ഷം ചെലവഴിക്കുന്നു. ഈ പോക്കാണെങ്കിൽ കേരളം മറ്റൊരു ശ്രീലങ്കയായി മാറാൻ അധികാലമൊന്നും വേണ്ടിവരില്ല.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം വാടക വീട് അന്വേഷിച്ച ഇ.എം.എസും, കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത അച്യുതമേനോനും പാർട്ടി ഓഫിസിലെ വെറും ബെഞ്ചിൽ കിടന്നുറങ്ങിയിരുന്ന നായനാരും നമുക്ക് മുന്നിലെ കമ്യൂണിസ്റ്റ് ദർശനങ്ങളായിരുന്നു. അത് കണ്ട് വളർന്ന ഇടത് സ്വഭാവമുള്ള കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം സാധാരണ മനുഷ്യരെ കാണാൻ പോലും കഴിയാതെ നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കമ്യൂണിസ്റ്റല്ല. അദ്ദേഹം കമ്യൂണിസത്തിലേക്ക് തിരിച്ചുവരണമെന്ന അഭ്യർഥനയാണ് ആ പ്രത്യയശാസ്ത്രത്തോട് പ്രതിപക്ഷ ബഹുമാനം പുലർത്തുന്ന കോൺഗ്രസുകാർക്ക് നടത്താനുള്ളത്.

ബി.ജെ.പി-സി.പി.എം ബന്ധം കേരളത്തിൽ പകൽവെളിച്ചം പോലെ സത്യമാണ്. അത് എല്ലാവർക്കും അറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 68 മണ്ഡലങ്ങളിലാണ് സഖ്യം ലക്ഷ്യം കണ്ടത്. വി.ടി. ബലറാമും കെ.എം. ഷാജിയും സതീശൻ പാച്ചേനിയും വർക്കലയിൽ സ്ഥാനാർഥിയായിരുന്ന താനും ഉൾപ്പടെ നിരവധി പേർ ഈ സഖ്യത്തിന്റെ ഇരകളാണെന്ന് ഷഫീർ ആരോപിച്ചു. ഇതൊക്കെ തിരിച്ചറിഞ്ഞാണ് എൽ.ഡി.എഫിന്റെ ബാഡ്ജ് കുത്തി വന്നവർ പോലും തൃക്കാക്കരയിൽ യു.ഡി.എഫിന് വോട്ട് ചെയ്ത് പോയതെന്നും ബി.ആർ.എം. ഷഫീർ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് ആറിന് റിയാദ് മലസ് ലുലു മാളിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ 12-ാം വാർഷികാഘോഷത്തിൽ ഷഫീർ മുഖ്യാതിഥിയായി പ​ങ്കെടുക്കും. സാംസ്‌കാരിക പരിപാടിക്ക് ശേഷം 'നീർമാതളം പൂക്കും രാവ്' എന്ന ശീർഷകത്തിൽ സംഗീത നൃത്ത കലാസന്ധ്യ അരങ്ങേറുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗായകരായ കൊല്ലം ഷാഫി, സജിലി സലിം എന്നിവർ നയിക്കുന്ന സംഗീത വിരുന്നിൽ റിയാദിലെ അറിയപ്പെടുന്ന ഗായകരും അണിചേരും. വാർത്തസമ്മേളനത്തിൽ ഒ.ഐ.സി.സി ഭാരവാഹികളായ സജീർ പൂന്തുറ, നിഷാദ് ആലങ്കോട്, മുഹമ്മദ് അലി മണ്ണാർക്കാട്, റാസി കോരാണി, ജഹാംഗീർ ആലങ്കോട്, വിൻസെന്റ് കെ. ജോർജ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - BRM Shefeer press meet in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.