മക്ക: റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ കൂടുതൽ ഭക്തിസാന്ദ്രമായ മക്കയിൽ വിശ്വാസികളുടെ സന്തോഷം ഇരട്ടിപ്പിച്ച് മഴ. വ്യാഴാഴ്ച രാവിലെ മുതൽ മസ്ജിദുൽ ഹറാം ഉൾപ്പെടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനോടൊപ്പം റമദാനിലെ ജനത്തിരക്ക് കൂടി കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ ഹറം അതോറിറ്റി സ്വീകരിച്ചിരുന്നു.
റമദാൻ 20ാം ദിനപുലരിയിൽ ലഭിച്ച മഴ സന്ദർശകർക്കും തീർഥാടകർക്കും സവിശേഷമായ അനുഭൂതി സമ്മാനിച്ചു. അവർ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. മൊബൈൽ ഫോണുകളിൽ മസ്ജിദുൽ ഹറാമിലെ മഴക്കാഴ്ചകൾ പകർത്തി ഫോട്ടോകളും വിഡിയോകുമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഉന്മേഷദായകവും ഊർജസ്വലവുമായ പ്രഭാത സമയങ്ങളിൽ ‘മഴ, റമദാൻ, വിശുദ്ധ പള്ളി’ എന്നീ മൂന്ന് അനുഗ്രഹങ്ങളുടെ സംഗമത്തിൽ വിശ്വാസികൾ സംതൃപ്തരായി.
മഴ കോരിച്ചൊരിഞ്ഞിട്ടും അത് ഏതെങ്കിലും തരത്തിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയില്ല.
റമദാനിലെ അവസാന 10 ദിവസത്തേക്ക് ഇരുഹറം ജനറൽ അതോറിറ്റി സ്വീകരിച്ച തയ്യാറെടുപ്പുകളുടെ ഫലമായി തീർഥാടകർ എളുപ്പത്തിലും സുഖമായും ഉംറ കർമങ്ങൾ നിർവഹിച്ചു. ദൈവത്തിന്റെ അതിഥികളുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ രാവും പകലും നൂതന ഉപകരണങ്ങളും മനുഷ്യവിഭവശേഷിയും യന്ത്രങ്ങളും പ്രവർത്തിക്കുന്നു.
അതേസമയം, ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 11 വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ്, മോശം ദൃശ്യപരത, ആലിപ്പഴ വർഷം, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയുമുണ്ടാകും. ജനങ്ങളോട് ജാഗ്രത പാലിക്കാനും ജലാശയങ്ങൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവിടങ്ങളിൽനിന്ന് അകന്നുനിൽക്കാനും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.