ജിദ്ദ: ജിദ്ദ ചേംബർ ആരംഭിച്ച മൂന്നാമത് ‘ബസ്ത മാർക്കറ്റി’ ൽ ആദ്യദിവസമെത്തിയത് 8500 പേർ. വിവിധ മേഖലകളിൽ ആഴ്ച േതാറും നടന്നുവന്നിരുന്ന സീസൺ കച്ചവടത്തിന് ഉണർവ് പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് ചേംബർ മുഖ്യ ആസ്ഥാനത്തിനടുത്ത് 8000 സ്ക്വയർ മീറ്ററിൽ ‘ബസ്ത മാർക്കറ്റ്’ എന്ന പേരിൽ സൂഖ് ഒരുക്കിയിരിക്കുന്നത്. ചെറുകിട സ്ഥാപനങ്ങളെ പ്രോൽസാഹിപ്പിക്കുകയും കൂടുതൽ തൊഴിലവസരമൊരുക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. വെള്ളിയാഴ്ചയാണ് ബസ്ത മാർക്കറ്റ് പ്രവർത്തിക്കുക. മൂന്ന് മാസം നീണ്ടു നിൽക്കും.
250 ബസ്തകൾ ഉൾക്കൊള്ളാൻ പാകത്തിലാണ് സ്ഥലമൊരുക്കിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ജിദ്ദ ചേംബർ ബസ്ത മാർക്കറ്റ് ഒരുക്കുന്നത്. നേരത്തെ നടന്ന ബസ്ത മാർക്കറ്റ് വിജയകരമായിരുന്നുവെന്ന് ജിദ്ദ ചേംബർ ഭരണസമിതി അംഗം ഫാഇസ് ബിൻ അബ്ദുല്ല അൽഹർബി പറഞ്ഞു. പ്രാദേശികമായ ധാരാളം ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഇൗ വർഷം ഭക്ഷ്യവിഭവങ്ങൾ, വീട്ടുപകരണങ്ങൾ, വിനോദ ഉപകരണങ്ങൾ, കളിക്കോപ്പുകൾ, കുടുംബത്തിനാവശ്യമായ വസ്തുക്കൾ, ഗിഫ്റ്റുകൾ എന്നിങ്ങനെ 8000 ത്തിലധികം വസ്തുകൾ വിവിധ ബസ്തകളിലായി ഒരുക്കിയിട്ടുണ്ട്.
കാലോചിതമായി സീസൺ കച്ചവടത്തെ മാറ്റുന്നതാണ് ബസ്ത മാർക്കറ്റെന്നും അദ്ദേഹം പറഞ്ഞു. ബസ്തകൾ വാടകക്ക് നൽകുന്ന നടപടികൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ്. ‘ഭക്ഷ്യ ഉന്തുവണ്ടികൾ’ എന്ന പേരിലൊരു പദ്ധതി ഇൗ വർഷം പുതുതായി ആരംഭിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസുമായി സഹകരിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് ബസ്തകൾ സംവിധാനിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും നമസ്കരിക്കാനും അംഗ ശുചീകരണത്തിനുമുള്ള സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.