ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ 2025-2026 അധ്യയന വർഷത്തിലെ വാർഷിക അവാർഡ് ദാന ചടങ്ങ് സ്കൂൾ ബോയ്സ് സെക്ഷൻ ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. വിശിഷ്ട വ്യക്തികൾ, കമ്മ്യൂനിറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, പുരസ്കാര ജേതാക്കളായ വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന വലിയൊരു സദസ്സിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഫഹ്മീന ഖാൻ, ആബിദ ഖാത്തൂൻ, സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അസ്ലം, മറ്റ് എസ്.എം.സി അംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സ്കൂളിലെത്തിയ മുഖ്യാതിഥിയെയും അദ്ദേഹത്തിന്റെ മാതാവ് ആബിദ ഖാത്തൂനെയും സ്കൂൾ ഹെഡ് ബോയ് മുആസ് സിയാഉൽ ഹഖ്, ഹെഡ് ഗേൾ അഫ്സാന ഫാത്തിമ എന്നിവർ ചേർന്ന് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. സദസ്സിനെ അഭിസംബോധന ചെയ്ത മുഖ്യാതിഥി കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, തന്റെ അധ്യാപകർ തന്റെ ജീവിതത്തിലുണ്ടാക്കിയ ആഴത്തിലുള്ള സ്വാധീനം സ്മരിച്ചു.
അവാർഡുകൾ നേട്ടങ്ങളെ അംഗീകരിക്കുന്നതാണെന്നും എന്നാൽ അത് ഒരാളുടെ കഴിവിനെ നിർവചിക്കുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അക്കാദമിക്, കായികം, കല, നവീകരണം, സാമൂഹിക സേവനം എന്നിങ്ങനെ ഓരോ കുട്ടിയുടെയും കഴിവുകൾ വ്യത്യസ്തമായാണ് പ്രകടമാകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരന്തരം പഠിക്കാനും മെച്ചപ്പെടുത്താനും സ്വയം വിശ്വസിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ സ്വാഗതം ആശംസിക്കുകയും, 2025–2026 അധ്യയന വർഷത്തിലെ സ്കൂളിന്റെ നേട്ടങ്ങളും പുരോഗതിയും വ്യക്തമാക്കുന്ന വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അസ്ലം സംസാരിച്ചു. 2025-2026 അധ്യയന വർഷത്തിൽ ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയും പാഠ്യേതര പ്രവർത്തനങ്ങളിൽ തിളങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ വേദിയിലെത്തി സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും ഏറ്റുവാങ്ങി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 98.8 ശതമാനം മാർക്കോടെ സഫ മൊഹിയുദ്ദീൻ ഖാൻ സ്കൂളിൽ ഒന്നാം സ്ഥാനം നേടി. ആയിഷ നൗറീൻ ജമാൽ (98 ശതമാനം), അബ്ദുൾ റഹ്മാൻ ബിൻ എഹ്തേഷാം (97.8 ശതമാനം) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പത്താം ക്ലാസ് പരീക്ഷയിൽ അയാൻ മഹ്ഫൂസ് 99.2 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. നിർജ റംഭാജി ഗായകെ (98.8 ശതമാനം), അഹോൺ റോയ് (98.6 ശതമാനം) എന്നിവർ അടുത്ത സ്ഥാനങ്ങൾ നേടി. വിവിധ സ്ട്രീമുകളിലെ ടോപ്പർമാരെയും ചടങ്ങിൽ ആദരിച്ചു.
സഹപഠന പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും സ്കൂൾ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് സ്കൂളിനും രാജ്യത്തിനും അഭിമാനം നൽകിയ കായികതാരങ്ങളെ പ്രത്യേകമായി ആദരിച്ചു. കിങ്‌ഡം ചാമ്പ്യൻഷിപ്പ്, എലൈറ്റ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ (അണ്ടർ 19 സിംഗിൾസ്) സ്വർണ്ണ മെഡലുകൾ നേടിയ അമീന റഹാം, യു.എ.ഇയിൽ നടന്ന എ.സി.സി പ്രീമിയർ കപ്പിൽ സൗദി അണ്ടർ 19 ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച മുഹമ്മദ് ഹുസൈൻ എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി.
2026-2027 സ്കൂൾ ഡയറിയുടെ കവർ പേജ് രൂപകൽപ്പന ചെയ്ത യഹിയ നസ്രുൽ ഇസ്ലാമിനെയും ചടങ്ങിൽ ആദരിച്ചു. ഗേൾസ് സെക്ഷൻ അവതരിപ്പിച്ച കഥക് നൃത്തവും സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ സ്വാഗത ഗാനവും ചടങ്ങിന്റെ മാറ്റുകൂട്ടി. ഡോ. ബുഷ്റ ഖാത്തൂൻ സൈദി ചടങ്ങിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.