അൽ ഉലയിലെ ജബൽ ഇക്മയിലെ പർവതനിരകളുടെ അപൂർവ കാഴ്ചകൾ
യാംബു: നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന അൽ ഉലയിലെ ജബൽ ഇക്മ മലയിടുക്കുകൾ ചരിത്രകുതുകികളുടെ ഇഷ്ടകേന്ദ്രമാകുന്നു.
ഇവിടത്തെ മലയിടുക്കുകളിലെ പാറകളിലെ പുരാതന ലിഖിതങ്ങൾ ചരിത്രപഠനം നടത്തുന്ന വിദ്യാർഥികളെയും ഗവേഷകരെയും ഒരുപോലെ ആകർഷിക്കുന്നു. പഴയകാല നാഗരികതയുടെ നേർരൂപങ്ങൾ തന്മയത്വത്തോടെ ഇന്നും ഇവിടെ കാണാം. പേപ്പർപോലും കണ്ടുപിടിക്കാത്ത കാലഘട്ടത്തിലെ വിസ്മയകരമായ ഒർമകളിലേക്കാണ് ഇവിടത്തെ അപൂർവ ലിഖിതങ്ങളുടെയും വരകളുടെയും കാഴ്ചകൾ നമ്മെ കൊണ്ടെത്തിക്കുക.
ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള ഈ പ്രദേശം ഇപ്പോൾ അധികൃതർ 'ഓപ്പൺ ലൈബ്രറി' എന്നനിലയിൽ സന്ദർശകർക്ക് കാണാൻ സൗകര്യമൊരുക്കിയിരിക്കുന്നു. പർവതത്തിലുടനീളം വേറിട്ട രൂപത്തിലും ഭാവത്തിലും വൈവിധ്യമാർന്ന ലിഖിതങ്ങൾ കാണാം. ദാദൻ, ലിഹ്യാൻ എന്ന പുരാതന നാഗരികതയുടെ ഭാഗമായ 500 ലിഖിതങ്ങൾ ജബൽ ഇക്മയിൽ ഉണ്ടെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. പർവതത്തിൽനിന്നുള്ള ലിഖിത പാഠങ്ങൾ ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും അന്വേഷണം നടത്തുകയും ചിലതെല്ലാം വിവർത്തനം ചെയ്യുകയും ചെയ്തിരുന്നു.
ബി.സി ഒമ്പതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും നിലനിന്നിരുന്ന ഭാഷകളിൽപെട്ട അരാമിക്, സമൂദിക്, ദാദാനിറ്റിക്, മിനാഇൻ, നബാതിയൻ, ഗ്രീക്ക്, ലാറ്റിൻ, അറബിക് എന്നിവയിൽ ഉൾപ്പെടുന്നവയാണ് ലിഖിതങ്ങൾ. ചരിത്രകാരന്മാർക്കും അറബി ഭാഷാശാസ്ത്ര വിദഗ്ധർക്കും പുരാവസ്തു ഗവേഷകർക്കും പ്രധാന മേഖലയായ ഈ പർവതം അറബി ഭാഷ വ്യാപകമാകുന്നതിനു മുമ്പുള്ള ഒരു കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോട്ടം നടത്താൻ വഴിവെക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള സമൂഹം വലിയ ആയുധങ്ങളുടെ സഹായമില്ലാതെ തീർത്ത കൊത്തുപണികളും ലിഖിതങ്ങളും കരവിരുതും ഗംഭീരമാണ്.
ഇവിടെ സന്ദർശനം നടത്തുന്ന വിനോദസഞ്ചാരികളും വിദേശ സന്ദർശകരും മണിക്കൂറുകളോളം പാറകളിലെ ലിഖിതങ്ങൾ വീക്ഷിക്കുകയും പുരാതന ഭാഷയുടെ അതിലോലമായ സാങ്കേതിക വിദ്യകൾ നിരീക്ഷിക്കുകയും ചെയ്യുന്നു. ലിഖിത രൂപങ്ങളും രേഖാചിത്രങ്ങളും പഴയകാല സാംസ്കാരിക നാഗരികതയുടെ അപൂർവമായ വിജ്ഞാനത്തിലേക്ക് വെളിച്ചം വീശുന്നതായി സന്ദർശകർ പറയുന്നു.
2017ൽ അൽ ഉല റോയൽ കമീഷൻ ജബൽ ഇക്മ സന്ദർശനം നിയന്ത്രിച്ചിരുന്നു.
പിന്നീട് മൂന്നുവർഷത്തിനുശേഷം പൊതുജനങ്ങൾക്ക് സന്ദർശിക്കാനുള്ള തയാറെടുപ്പ് പൂർത്തിയാക്കി തുറന്നുകൊടുക്കുകയായിരുന്നു. ഇപ്പോൾ അൽ ഉല പൗരാണിക നഗരത്തിലെ ശേഷിപ്പുകൾ കാണാനും വിജ്ഞാനം പകർത്താനും അധികൃതർ ഏറെ സൗകര്യം നൽകിയിരിക്കുന്നു.
മദീനയിൽനിന്ന് 330 കി.മീറ്റർ ദൂരമുണ്ട് അൽ ഉലയിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.