അൽ-ജൗഫ്: വാഹനാപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ് കഴിഞ്ഞ രണ്ടു വർഷത്തിലധികമായി സക്കാക്ക സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യു.പി സ്വദേശി മരിച്ചു. ഗാസിപൂർ, ജലാലാബാദ് സ്വദേശി ദയാരാജ്ഭർ (39) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. 2016 ഫെബ്രുവരി 19^ന് രാത്രി എട്ട് മണിക്ക് ദയാരാജ് സഞ്ചരിച്ച സൈക്കിളിൽ ട്രാഫിക് നിയമം ലംഘിച്ച് എതിർ ദിശയിൽ വാഹനമോടിച്ചെത്തിയ സ്വദേശി യുവാവിെൻറ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അന്നു മുതൽ അബോധാവസ്ഥയിലായിരുന്നു. പിറ്റേദിവസം നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയായിരുന്നു അപകടം.
സ്പോൺസറും സാമൂഹ്യ പ്രവർത്തകരും നാട്ടിലെത്തിക്കുന്നതിനായി പലതവണ ശ്രമിച്ചിരുന്നുവെങ്കിലും മോശം ആരോഗ്യാവസ്ഥ തടസ്സമായി. തീവ്രപരിചരണ വിഭാഗത്തിലെ മലയാളി ഹെഡ് നഴ്സുമാരായ ജോത്സന ടെലൻസ്, റാൻസി ബിപിൻ എന്നിവരുടെ പ്രേത്യക സാന്ത്വന പരിചരണം ദയാരാജിന് ലഭിച്ചിരുന്നു. മൃതദേഹം ഞായറാഴ്ച വൈകിട്ട് സൗദി എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോയി.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ലഖ്നോ എയർപോർട്ടിൽ എത്തിചേരും. ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദേഹം സ്വദേശത്തെത്തിച്ച് സംസ്കരിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂർണ ചെലവുകൾ സ്പോൺസർ വഹിച്ചു. അൽ-ജൗഫ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയും സാന്ത്വനം സമതി കൺവീനറുമായ സുധീർ ഹംസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സഹായ സഹകരണങ്ങൾ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.