യാംബു: രാജ്യത്തെ വിവിധ കര, നാവിക, വ്യോമ അതിർത്തികൾ കേന്ദ്രീകരിച്ച് സൗദി കസ്റ്റംസ് നടത്തിയ വിപുലമായ പരിശോധനയിൽ ഒരാഴ്ചക്കിടെ 965 നിരോധിത വസ്തുക്കൾ പിടികൂടി. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത കടത്തുകൾ തടയുന്നതിനുമായി സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി നടത്തിവരുന്ന കർശന നിരീക്ഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.
പിടിച്ചെടുത്തവയിൽ മയക്കുമരുന്നുകളും ആയുധങ്ങളും ഉൾപ്പെടെയുള്ള ഗൗരവതരമായ കേസുകൾ ഉൾപ്പെടുന്നു. 114 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഹഷീഷ്, കൊക്കെയ്ൻ, ഹെറോയിൻ, മെത്താംഫെറ്റമിൻ, കാപ്റ്റഗൺ ഗുളികകൾ തുടങ്ങിയവ കടത്താനുള്ള ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. മറ്റ് നിരോധിത വസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി 437 കേസുകൾ റിപ്പോർട്ട് ചെയ്തു.
നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച 1,950 പുകയില അനുബന്ധ ഇനങ്ങളും കണ്ടെടുത്തു. കള്ളപ്പണം കടത്താൻ ശ്രമിച്ച 10 കേസുകളും, ആയുധങ്ങളും അവയുടെ അനുബന്ധ സാമഗ്രികളും കടത്താനുള്ള മൂന്ന് ശ്രമങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ഇറക്കുമതി-കയറ്റുമതി മേഖലകളിൽ കർശനമായ പരിശോധന തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. മയക്കുമരുന്ന് കടത്തോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപെട്ടാൽ പൗരന്മാരും താമസക്കാരും ഉടൻ അധികൃതരെ വിവരം അറിയിക്കണം.
ഇത്തരം കടത്തുശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1910 എന്ന നമ്പറിലും 1910@zatca.gov.sa എന്ന ഇമെയിലും അറിയിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. നൽകുന്ന വിവരം കൃത്യമാണെന്ന് തെളിയുന്ന പക്ഷം വിവരം നൽകുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.