സൗദി ദേശീയ പൈതൃക രജിസ്റ്ററിൽ പുതുതായി ഉൾപ്പെടുത്തിയ പുരാവസ്തു കേന്ദ്രങ്ങളിലൊന്ന്
യാംബു: സൗദി അറേബ്യയിൽ 59 പുരാവസ്തു കേന്ദ്രങ്ങളെകൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തിയതായി സൗദി ഹെറിറ്റേജ് കമീഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതോടെ രജിസ്റ്റർ ചെയ്യപ്പെട്ട ആകെ കേന്ദ്രങ്ങളുടെ എണ്ണം 8847 ആയി ഉയർന്നു. തബൂക്ക് മേഖലയിൽനിന്ന് 22ഉം അൽജൗഫിൽ 14ഉം ജീസാനിൽ ആറും ഹാഇലിൽ അഞ്ചും അസീർ, മദീന മേഖലകളിൽ നിന്ന് നാലു വീതവും മക്ക മേഖലയിൽനിന്ന് മൂന്നും ഖസീം പ്രവിശ്യയിൽനിന്ന് ഒന്നും പുരാവസ്തുകേന്ദ്രങ്ങളെയാണ് പുതുതായി പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) അതോറിറ്റി അറിയിച്ചു.
രാജ്യത്തെ പൈതൃകകേന്ദ്രങ്ങളും പുരാവസ്തു പ്രദേശങ്ങളും ചരിത്രശേഷിപ്പുകളും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എസ്.സി.ടി.എച്ച് ദേശീയ രജിസ്റ്റർ ആരംഭിച്ചത്. ചരിത്രപഠനത്തിനും പുരാവസ്തു ഗവേഷണത്തിനും ശാസ്ത്രീയസൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കി സമഗ്ര വികസന പദ്ധതിയാണ് ഹെറിറ്റേജ് അതോറിറ്റി നടപ്പാക്കുന്നത്. സൗദിയിലെ പുരാവസ്തു, ചരിത്രസ്ഥലങ്ങളും കേന്ദ്രങ്ങളും കണ്ടെത്താനും അവ രേഖപ്പെടുത്താനും രജിസ്റ്റർ ചെയ്യാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പദ്ധതികളാണിപ്പോൾ പൂർത്തിയാക്കി വരുന്നത്. രേഖപ്പെടുത്തിയ സൈറ്റുകളുടെ സംരക്ഷണം സുഗമമാക്കുന്നതിനായി പദ്ധതികൾ ഒരുക്കി.
സൗദിയുടെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനും ഡോക്യുമെന്റേഷനും വേണ്ടിയുള്ള ഡിജിറ്റൽ റെക്കോഡ്സിൽ ഈ കേന്ദ്രങ്ങളെ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ പുരാവസ്തു ശേഷിപ്പുകളും ചരിത്രസ്ഥലങ്ങളും കേന്ദ്രങ്ങളും കണ്ടെത്താനും അവ സംരക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും രാജ്യത്തെ പൗരന്മാരോട് ഹെറിറ്റേജ് അതോറിറ്റി സഹകരണം അഭ്യർഥിച്ചു. ശ്രദ്ധയിൽപെട്ടതും പര്യവേക്ഷണം ചെയ്തതുമായ പ്രധാന പുരാവസ്തു സ്ഥലങ്ങൾ https://contactcenter.moc.gov.sa എന്ന പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.