അബ്‌ദു ശുക്കൂർ അലി 

40 പ്രവാസ വർഷങ്ങൾ: അബ്‌ദു ശുക്കൂർ അലി പടിയിറങ്ങുന്നു

യാംബു: നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസം അവസാനിപ്പിച്ച് ആത്മഹർഷത്തോടെ അബ്‌ദു ശുക്കൂർ അലി തിരികെ യാത്രക്കൊരുങ്ങുന്നു. സാമൂഹിക, സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുശുക്കൂർ അലി മലപ്പുറം കോടൂർ ചെമ്മങ്കടവ് സ്വദേശിയാണ്. തനിമ സാംസ്‌കാരിക വേദി കേന്ദ്ര കൂടിയാലോചന സമിതിയംഗമായ ഇദ്ദേഹം മൂന്നു തവണ തനിമ ജിദ്ദ നോർത്ത് സോണൽ പ്രസിഡന്റായിരുന്നു.

തനിമയുടെ സോണൽ സെക്രട്ടറി, മലർവാടി, ഖുർആൻ സ്റ്റഡി സെന്റർ എന്നിവയുടെ കോഓഡിനേറ്റർ തുടങ്ങി പല ഔദ്യോഗിക ഉത്തരവാദിത്തങ്ങളും വഹിച്ചിട്ടുണ്ട്. മലപ്പുറം ഗവൺമെന്റ് കോളജിൽ നിന്ന് ബി.എ അറബിക് ബിരുദവും കോഴിക്കോട് സർവകലാശാലയിൽ നിന്ന് എം.എ അറബിക് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം 1982 ൽ കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി ചേർന്നതോടെയാണ് പ്രവാസം ആരംഭിച്ചത്.

അറബി ഭാഷയിൽ ഇവിടെനിന്ന് രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയ അദ്ദേഹം ഒരു വർഷം മുംബൈയിൽ ഗൂഡ് മാൻസ് ഇന്റർനാഷനൽ കമ്പനിയിൽ പരിഭാഷകനായി സേവനം ചെയ്തു. ശേഷം1985 ൽ ജിദ്ദയിലെത്തി ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ അഡ് മിനിസ്ട്രേഷൻ അസിസ്റ്റൻറ് ആയി ജോലി ആരംഭിച്ചു.

1986 ൽ വ്യവസായ നഗരിയായ യാംബുവിലെത്തിയ ലൂബ്രിസോൾ കമ്പനിയിൽ പരിഭാഷകനും പേഴ്‌സനൽ ഓഫിസറുമായി ജോലി ചെയ്തു. 1996 ൽ പ്രമുഖ പെട്രോ കെമിക്കൽ കമ്പനിയായ ഇബ്‌നുറുഷ്‌ദിൽ എക്സിക്യൂട്ടിവ് സെക്രട്ടറിയായും 1998 ൽ 'യാൻപെറ്റ്' പെട്രോ കെമിക്കൽ കമ്പനിയിൽ ഹ്യൂമൻ റിസോഴ്‌സസ് സ്പെഷലിസ്റ്റ് ആയും ജോലി ചെയ്തു. 18 വർഷം യാംബുവിൽ സേവനം ചെയ്തതിനു ശേഷം 2004 മുതൽ ജിദ്ദയിലായിരുന്നു തട്ടകം. ഇബ്‌നു മഹ്ഫൂസിന്റെ സെഡ്‌കോ ഹോൾഡിങ് കമ്പനിയിൽ സി.ഇ.ഒ ഓഫിസ് മാനേജർ തസ്തികയിൽനിന്ന് വിരമിച്ചാണ് ജൂൺ 11 ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.

തനിമ സാംസ്കാരിക വേദിയിലൂടെയായിരുന്നു യാംബുവിലെയും ജിദ്ദയിലെയും സാമൂഹിക സാംസ്‌കാരിക മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശനം. ഇതര മത, സാംസ്കാരിക, സന്നദ്ധ സംഘടനകളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വിജ്ഞാനപ്രദമായ അദ്ദേഹത്തിന്റെ ഖുർആൻ വൈജ്ഞാനിക ക്ലാസുകൾ ഏറെ ശ്രദ്ധേയമായിരുന്നു. മദ്‌റസ പ്രസ്ഥാനം, ഖുർആൻ മത്‌സരം തുടങ്ങി നിരവധി വൈജ്ഞാനിക മേഖലകളിൽ നേതൃപരമായ പങ്കുവഹിച്ചു

അബ്ദുശുക്കൂർ അലി നേതൃത്വം വഹിച്ച് സൗദിയിൽ ധാരാളം പഠനയാത്രകൾ സംഘടിപ്പിച്ചിരുന്നു. യു.എ.ഇ, ഈജിപ്‌ത്‌, ജോർഡൻ, സിറിയ, ഒമാൻ, ഫലസ്തീൻ, തുർക്കി, ഫ്രാൻസ്, സ്പെയിൻ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

സൗദിയിലെ മത, സംസ്‌കാരിക മേഖലകളിൽ നീണ്ട വർഷങ്ങൾ സേവനം ചെയ്യാൻ അവസരം ലഭിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും ഹൃദ്യമായ ഓർമകളും സൗഹൃദ ബന്ധങ്ങളും നേടാൻ കഴിഞ്ഞത് ജീവിതത്തിൽ ഏറെ പ്രചോദനം നൽകിയതായും അദ്ദേഹം 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു. സൗദയാണ് ഭാര്യ. മക്കൾ: സൽവ, നജ്‌വ, മുഹമ്മദ്, മർവ. സുഹൃത്തുക്കൾക്ക് അബ്‌ദു ശുക്കൂർ അലിയെ 0508671674 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - 40 years of exile: Abdul Shukoor Ali steps down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.