ദമ്മാം ഗ്ലോബൽ സിറ്റി അധികൃതർ വാർത്താസമ്മേളനം നടത്തുന്നു
ദമ്മാം: ലോകത്തിന്റെ വിവിധ സംസ്കാരങ്ങളെയും കാഴ്ചകളെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തുന്ന ദമ്മാം ഗ്ലോബൽ സിറ്റിക്ക് പ്രവാസി സമൂഹത്തിൽ നിന്നും സ്വദേശികളിൽ നിന്നും ലഭിക്കുന്നത് അപ്രതീക്ഷിത സ്വീകാര്യത. പ്രവർത്തനം ആരംഭിച്ച് 22 ദിവസം പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം 10 ലക്ഷം കടന്നതായി ഗ്ലോബൽ സിറ്റി ആസൂത്രകനും സി.ഇ.ഒയുമായ ടോണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രതീക്ഷിച്ചതിലും അപ്പുറമായ വളർച്ചയാണ് പദ്ധതി കൈവരിക്കുന്നത്. ദിനംപ്രതി ശരാശരി 20,000 പേർ എത്തുന്ന ഇവിടെ വാരാന്ത്യങ്ങളിൽ സന്ദർശകരുടെ എണ്ണം 40,000 കടക്കുന്നുണ്ട്. സൗദി അറേബ്യയ്ക്ക് പുറമെ കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നതായിരുന്നു ദമ്മാമിനെ ഈ പദ്ധതിക്കായി തിരഞ്ഞെടുക്കാൻ പ്രധാന കാരണം. ഇത് ശരിവെക്കുന്ന തരത്തിൽ സന്ദർശകരിൽ 30 ശതമാനവും അയൽരാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് സി.ഇ.ഒ വ്യക്തമാക്കി.
ദുബൈ ഗ്ലോബൽ വില്ലേജിലെ 25 വർഷത്തെ അനുഭവസമ്പത്തുള്ള ‘വേഗ ഇന്റർനാഷനൽ’എന്ന കമ്പനിയാണ് ദമ്മാമിൽ ഗ്ലോബൽ സിറ്റി നിർമിച്ച് പ്രവർത്തിപ്പിക്കുന്നത്. 25 വർഷത്തെ ലീസ് കരാറിലാണ് പ്രവർത്തനം. മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളുടെ പവിലിയനുകൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ 10 രാജ്യങ്ങളുടെ പവിലിയനുകൾ കൂടി പ്രവർത്തനമാരംഭിക്കും.
5,000 പേരെ ഉൾക്കൊള്ളാവുന്ന അത്യാധുനിക ഓഡിറ്റോറിയം ഗ്ലോബൽ സിറ്റിയുടെ പ്രധാന ആകർഷണമാണ്. ഇത് പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും.
മലയാളി സാന്നിധ്യം
ഇന്ത്യൻ, ആഫ്രിക്കൻ പവിലിയനുകളുടെ രൂപകൽപനയ്ക്ക് പിന്നിൽ ദുബൈ ആസ്ഥാനമായുള്ള ഷംസ് അൽ ബറക്കാത് എക്സിബിഷൻ എൽ.എൽ.സിയിലെ രണ്ട് മലയാളികളാണ് എന്നത് ശ്രദ്ധേയമാണ്. ഇവരുടെ ദീർഘകാലത്തെ പ്രവൃത്തിപരിചയമാണ് ഗ്ലോബൽ സിറ്റി അധികൃതർ പ്രയോജനപ്പെടുത്തിയത്.
കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ്, ജുബൈൽ മേയർ ഡോ. അഹമ്മദ് സെയ്ദ് ഹുസൈൻ എന്നിവരുടെ പ്രത്യേക താൽപ്പര്യത്തിലാണ് പദ്ധതി വേഗത്തിൽ യാഥാർഥ്യമായത്. വരും ദിവസങ്ങളിൽ ഗ്ലോബൽ സിറ്റിക്കുള്ളിലെ തടാകത്തിൽ പുതിയ വിനോദ പരിപാടികൾ ആരംഭിക്കുമെന്നും സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ഓപറേഷൻ മാനേജർ ഹസൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.