സൗദിയില്‍ ഭീമന്‍ പദ്ധതികള്‍  പ്രഖ്യാപിക്കുമെന്ന് രണ്ടാം കിരീടാവകാശി 

റിയാദ്: നടപ്പുവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സൗദിയില്‍ ഭീമന്‍ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാവുമെന്ന് രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന കമ്മിറ്റി മേധാവിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. രാജ്യത്തെ പത്ത് ചേംബറുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്കും പ്രതീക്ഷ പകരുന്നതാണ്  രണ്ടാം കിരീടാവകാശിയുടെ പ്രസ്താവന.
സാമ്പത്തിക മേഖലയിലും തൊഴില്‍ രംഗത്തും വണ്‍ ഉണര്‍വുണ്ടാവുന്ന ഭീമന്‍ പദ്ധതികളാണ് വര്‍ഷാവസാനത്തിന് മുമ്പ് പ്രഖ്യാപിക്കുക. സ്വകാര്യ മേഖല നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനുള്ള പോംവഴികളും സാമ്പത്തിക, വികസന കമ്മിറ്റി പ്രഖ്യാപിക്കും. ഭീമന്‍ പദ്ധതികള്‍ക്ക് പുറമെ ചെറുകിട, ഇടത്തരം പദ്ധതികള്‍ക്കും സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ കൂടി ഇത്തരം പദ്ധതികളുടെ ലക്ഷ്യമാണെന്ന് സൗദി വഷന്‍ 2030-ന്‍െറ ശില്‍പി കൂടിയായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
സോഫ്റ്റ് ബാങ്കില്‍ സൗദി നിക്ഷേപമിറക്കിയത് രാജ്യത്ത് പുതിയ പദ്ധതികള്‍ ആരംഭിക്കാനുള്ള ലക്ഷ്യത്തോടെയാണ്. സൗദിയുടെ നിക്ഷേപം ഉപയോഗപ്പെടുത്തി രാജ്യത്ത് പദ്ധതികള്‍ ആരംഭിക്കണമെന്ന് സോഫ്റ്റ് ബാങ്കിനോട് നിബന്ധന വെച്ചിട്ടുണ്ടെന്നും അമീര്‍ മുഹമ്മദ് വിശദീകരിച്ചു. വിദേശ രാജ്യങ്ങളിലുള്ള അതിനൂതന സാങ്കേതികവിദ്യ സൗദിയിലേക്ക് കൊണ്ടുവരാനും വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.