പ്രത്യേക ഇനങ്ങള്‍ക്ക് ടാക്സ് ഏപ്രില്‍ ആദ്യം പ്രാബല്യത്തില്‍

റിയാദ്: സൗദിയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും പ്രത്യേക ഇനം ഉല്‍പന്നങ്ങള്‍ക്ക് ടാക്സ് ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ വിദേശ ഇറക്കുമതി നടത്തുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പന്നങ്ങളെക്കുറിച്ച വിവരങ്ങള്‍ പുതുക്കി നല്‍കണമെന്ന് സൗദി സകാത്ത് ആന്‍റ് ഇന്‍കം ടാക്സ് അതോറിറ്റി രാജ്യത്തെ സ്ഥാപനങ്ങളോട് അഭ്യര്‍ഥിച്ചു. പുകയില ഉല്‍പന്നങ്ങള്‍, കാര്‍ബണൈസ്ഡ് പാനീയങ്ങള്‍, പവര്‍ ഡ്രിങ്ക്സ് എന്നിവക്കാണ് മുഖ്യമായും പുതിയ ടാക്സ് ബാധകമാവുക.
 പുകയില ഉല്‍പന്നങ്ങള്‍ക്കും പവര്‍ ഡ്രിങ്ക്സിനും 100 ശതമാനം, കാര്‍ബണൈസ്ഡ് പാനീയങ്ങള്‍ക്ക് 50 ശതമാനം എന്നിങ്ങനെയാണ് ഏപ്രില്‍ ആദ്യം മുതല്‍ ടാക്സ് ചുമത്തുക. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ചിലയിനം ഉല്‍പന്നങ്ങള്‍ക്കും പൊണ്ണത്തടി, പ്രമേഹം എന്നിവക്ക് കാരണമായേക്കാവുന്ന ചില ഉല്‍പന്നങ്ങള്‍ക്കും നിര്‍ണിത ശതമാനം ടാക്സ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
കുട്ടികളെയും ചെറുപ്പക്കാരെയും ആകര്‍ഷിക്കുന്ന ഇത്തരം ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വില്‍പനയും നിരുല്‍സാഹപ്പെടുത്തലും പുതിയ ടാക്സ് ഏര്‍പ്പെടുത്തുന്നതിന്‍െറ ലക്ഷ്യമാണ്. സൗദി കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ ടാക്സ് ഈടാക്കുക എന്ന് സകാത്ത് ആന്‍റ് ഇന്‍കം ടാക്സ് അതോറിറ്റി വ്യക്തമാക്കി. മൂല്യവര്‍ധിത ടാക്സ് 2018 ല്‍ പ്രാബല്യത്തില്‍ വരുത്താനും അതോറിറ്റിക്ക് ഉദ്ദേശ്യമുണ്ട്. വിഷന്‍ 2030 ന്‍െറയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ടാക്സ് ഏര്‍പ്പെടുത്തുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.