നാലു ഗ്വാണ്ടനാമോ തടവുകാര്‍  റിയാദിലത്തെി

ജിദ്ദ: ഭീകരവാദ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് അമേരിക്കയിലെ  ഗ്വാണ്ടനാമോയില്‍ അടച്ചിരുന്ന നാലുപേരെ റിയാദിലത്തെിച്ചു. തടവറ പൂട്ടാനുള്ള സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബരാക് ഒബാമയുടെ പദ്ധതികളുടെ ഭാഗമായാണ് കൈമാറ്റം.  നാലു യമന്‍ സ്വദേശികളാണ് ഇന്നലെ റിയാദിലത്തെിയത്. മുഹമ്മദ് റജബ് സ്വാദിഖ് അബു ഗാനിം, സാലിം അഹമദ്  ഹാദി ബിന്‍ കനാദ്, അബ്ദുല്ല യഹ്യ യൂസഫ് അല്‍ ശിബ്ലി, മുഹമ്മദ് ബവാസിര്‍ എന്നിവരെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന് റിയാദ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. 
കഴിഞ്ഞ പതിറ്റാണ്ടിന്‍െറ തുടക്കത്തില്‍ അഫ്ഗാനിസ്താനില്‍ നിന്നാണ് ഇവര്‍ യു.എസ് സൈന്യത്തിന്‍െറ പിടിയിലാകുന്നത്. 15 വര്‍ഷത്തോളമായി വിചാരണ കൂടാതെ ഗ്വാണ്ടനാമോയില്‍ തടവില്‍ കഴിയുകയായിരുന്നു. ഗ്വാണ്ടനാമോ തടവറയുടെ ഭാവി ചര്‍ച്ച ചെയ്ത യു.എസ് സമിതി ഇവരെ അവിടെ നിന്ന് മാറ്റാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. യമന്‍ സ്വദേശികളാണ് ഇവരെങ്കിലും ആഭ്യന്തര യുദ്ധം രൂക്ഷമായതും അല്‍ ഖാഇദയുടെ സജീവ സാന്നിധ്യമുള്ളതും പരിഗണിച്ച് അവിടേക്ക് അയക്കാന്‍ ഒബാമ ഭരണകൂടം വിസമ്മതിച്ചിരുന്നു. അമേരിക്കയും സൗദി അറേബ്യയും മാസങ്ങളായി തുടര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നാലുപേരെയും റിയാദിലത്തെിക്കാന്‍ ധാരണയായത്. സൗദിയിലത്തെിയെങ്കിലും ഇവരെ ഉടന്‍ മോചിപ്പിക്കാന്‍ സാധ്യതയില്ല. സമാന സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ സൗദി അറേബ്യ സ്വീകരിച്ച ഒമ്പതു യമനികളെ സര്‍ക്കാര്‍ നിയന്ത്രിത പുനരധിവാസ പദ്ധതിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മനംമാറ്റമുണ്ടാകുന്ന തീവ്രവാദ പശ്ചാത്തലമുള്ളവര്‍ക്ക് ക്രമേണ സമൂഹത്തില്‍ സാധാരണ ജീവിതം സാധ്യമാക്കുന്നതാണ് പദ്ധതി. ഗ്വാണ്ടനാമോയില്‍ ദീര്‍ഘമായി ഉപവാസ സമരം നടത്തി ലോകശ്രദ്ധ നേടിയയാളാണ് റിയാദിലത്തെിയ ബവാസിര്‍. 2010 ല്‍ തന്നെ ബവാസിറിനെ കൈമാറാന്‍ ശിപാര്‍ശ ചെയ്യപ്പെട്ടിരുന്നു. ബാള്‍ക്കന്‍ രാജ്യങ്ങളിലേക്ക് അയക്കാനായിരുന്നു തീരുമാനം. അതില്‍ പ്രതിഷേധിച്ച ബവാസിര്‍ തന്‍െറ കുടുംബം ഉള്ള രാജ്യത്തേക്ക് തന്നെ അയക്കണമെന്ന് വാശിപിടിക്കുകയായിരുന്നു. അങ്ങനെയാണ് കൈമാറ്റം നീണ്ടത്. 2010 ലെ അവലോകനത്തില്‍ മോചിപ്പിക്കുന്നത് അപകടകരമാകുമെന്ന പട്ടികയില്‍ പെടുത്തിയതാണ് ഗാനിമിന്‍െറയും കനാദിന്‍െറയും മോചനം നീട്ടിയത്. പക്ഷേ, ഇരുവരുടെയും കേസ് പുനഃപരിശോധിക്കുകയും കൈമാറ്റം അംഗീകരിക്കപ്പെടുകയുമായിരുന്നു. ശിബ്ലിയുടെ മോചനവും 2010 ല്‍ തന്നെ തീരുമാനമായതാണ്. 
മൊത്തം 23 തടവുകാരെയാണ് വിവിധ രാജ്യങ്ങള്‍ക്ക് ഇത്തവണ കൈമാറുന്നത്. അമേരിക്കയില്‍ അധികാരമാറ്റം നടക്കുന്ന ജനുവരി 20 ന് മുമ്പായി 19 തടവുകാരെയാണ് ഒഴിപ്പിക്കുന്നത്. ഇതിന് ശേഷം 40 തടവുകാര്‍ മാത്രമാകും ഗ്വാണ്ടനാമോയില്‍ ശേഷിക്കുക. ആരെയും മോചിപ്പിക്കരുതെന്നും ഗ്വാണ്ടനാമോ തടവറിയിലുള്ളവര്‍ ലോകസുരക്ഷക്ക് ഭീഷണിയാണെന്നുമാണ് നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍െറ നിലപാട്. സൗദിക്ക് പുറമേ, ഇറ്റലി, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കാകും തടവുകാരെ കൈമാറുക.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.