ജഡ്ജിയെ തട്ടിക്കൊണ്ടുപോയ  സംഭവം: മൂന്നുപേര്‍ പിടിയില്‍

റിയാദ്: കിഴക്കന്‍ മേഖലയിലെ താറൂത്തില്‍ നിന്ന് ന്യായാധിപനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന മൂന്നുപേര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ജഡ്ജിയെ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ആഭ്യന്തര വകുപ്പ് വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി വ്യക്തമാക്കി. അബദ്ുല്ല അഹ്മദ് അല്‍ദര്‍വീശ് (25), മാസിന്‍ അലി അഹ്മദ് (40), മുസ്തഫ അഹ്മദ് സല്‍മാന്‍ അല്‍സെഹ്വാന്‍ (25) എന്നിവരാണ് പിടിയിലായത്. ഡിസംബര്‍ 13നാണ് ഖത്തീഫ് കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ശൈഖ് മുഹമ്മദ് അല്‍ ജീറാനിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. താറൂത്ത് ദ്വീപിലെ വീടിന് മുറ്റത്ത് രാവിലെ പുറത്തേക്ക്് പോകാനിറങ്ങി ഭാര്യയെ കാറില്‍ കാത്തിരിക്കുമ്പോഴാണ് മുഖംമൂടി സംഘം എത്തിയത്. ജഡ്ജിയെ കാറില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച് കീഴ്പെടുത്തി വാഹനത്തില്‍ കയറ്റി ഓടിച്ച് പോകുകയായിരുന്നു. സംഭവം കണ്ട ജീറാനിയുടെ ഭാര്യയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് മേഖലയാകെ അരിച്ചുപെറുക്കിയെങ്കിലും ജഡ്ജിയെ കണ്ടത്തൊനായിരുന്നില്ല. ഒന്നിലധികം ഇടങ്ങളില്‍ പൊലീസ് മിന്നലാക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കരുതപ്പെടുന്ന മൂന്നുപേരെ പിടികൂടാന്‍ പൊലീസിനായത്. ബാക്കിയുള്ളവരെ തിരിച്ചറിയാനും കഴിഞ്ഞു. പിടിയിലായവര്‍ ആക്രമണത്തില്‍ പങ്കെടുത്തവരാണെന്നും എന്നാല്‍, ഇവര്‍ക്ക് മറ്റ് വിദേശബന്ധങ്ങളില്ളെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇനി പിടികൂടാനുള്ളവര്‍ക്കായി ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. മുഹമ്മദ് ഹുസൈന്‍ അലി അല്‍അമാര്‍, മുഅൈസിം അലി മുഹമ്മദ്, അലി ബിലാല്‍ സുഊദ് അല്‍ഹംദ് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ളവര്‍. ഇവരുടെ അറസ്റ്റിന് സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് രാജകീയ ഉത്തരവ് പ്രകാരമുള്ള പ്രതിഫലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 10 ലക്ഷം റിയാലാണ് പ്രാഥമിക പ്രതിഫലം. ഒന്നിലേറെ പേരെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50 ലക്ഷം നല്‍കും. തീവ്രവാദി ആക്രമണം തടയാന്‍ സാധിക്കുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 75 ലക്ഷം റിയാല്‍ നല്‍കാനും രാജവിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. 
ജഡ്ജിയുടെ തിരോധാനത്തില്‍ നിയമ മന്ത്രിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അധ്യക്ഷനുമായ വലീദ് ബിന്‍ മുഹമ്മദ് അല്‍ സംആനി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. 
അദ്ദേഹത്തെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കണമെന്ന്് ആഭ്യന്തര മന്ത്രാലയം താക്കീത് നല്‍കി.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.