അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുമെന്ന് സൗദി അറേബ്യ

റിയാദ്: അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുമെന്ന് സൗദി ഊര്‍ജ്്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി. ട്രംപിന്‍െറ സാമ്പത്തിക നയമനുസരിച്ച് അമേരിക്കയിലെ പെട്രോള്‍, ഗ്യാസ് മേഖലയിലും റിഫൈനറി, ഇന്ധന വിതരണം എന്നീ മേഖലയിലുമാണ് സൗദി മുതലിറക്കുക എന്ന് ബുധനാഴ്ച ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഊര്‍ജ്ജ മന്ത്രി പറഞ്ഞു. ഊര്‍ജ്ജ മേഖലയില്‍ അമേരിക്കയെ സ്വയം പര്യാപ്ത രാജ്യമാക്കണമെന്നതാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍െറ നിലപാട്. നിലവില്‍ അമേരിക്കയിലെ റിഫൈനറി, ഇന്ധന വിതരണം എന്നീ മേഖലയില്‍ വന്‍ മുതല്‍ മുടക്കുള്ള സൗദിക്ക് ഈ മേഖലയില്‍ കൂടുതല്‍ മുതലിറക്കാന്‍ പുതിയ നയം സഹായകമാവും. 
അമേരിക്കയിലെ ആരോഗ്യകരമായ വിപണി മല്‍സരം നിലനിര്‍ത്താനാണ് പ്രസിഡന്‍റ് ട്രംപ് ഉദ്ദേശിക്കുന്നത്. സൗദിയും ഇതേ സാമ്പത്തിക നയമാണ് പിന്തുടരുന്നത്. അമേരിക്കയുടെ വര്‍ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യത്തിനനുസരിച്ച് പെട്രോളിയം ഉല്‍പന്നങ്ങളും ഗ്യാസും നല്‍കാന്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന രാജ്യമായ സൗദിക്ക് സാധിക്കുമെന്നും അല്‍ഫാലിഹ് കൂട്ടിച്ചേര്‍ത്തു. 
അതേസമയം എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉല്‍പാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് നവംബര്‍ 30-ന് വിയന്ന ഉച്ചകോടിയില്‍ എടുത്ത തീരുമാനം അമേരിക്കയുമായി ചര്‍ച്ച ചെയ്യാന്‍ സൗദി തയാറാണെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.