റിയാദ്: തിങ്കളാഴ്ച സന്ധ്യക്ക്് ജിദ്ദയില്‍ കച്ചേരി നടത്തുകയായിരുന്നു, പ്രശസ്ത സൗദി ഗായകന്‍ മുഹമ്മദ് അബ്ദു. അറബ് സംഗീത ലോകത്തെ പോള്‍ മക്കാര്‍ട്നി എന്നറിയപ്പെടുന്ന 67 കാരന്‍ അബ്ദുവിന്‍െറ പാട്ട് കേള്‍ക്കാന്‍ 8,000 ലേറെ പേരാണ് നഗരത്തിലെ ഇന്‍ഡോര്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തിലത്തെിയത്. ഏഴുവര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍െറ കച്ചേരിക്കായി വിദേശ വാര്‍ത്ത ഏജന്‍സികളില്‍ നിന്ന് വരെ ലേഖകര്‍ എത്തിയിരുന്നു. ഈജിപ്ഷ്യന്‍ ഓര്‍ക്കസ്ട്ര സംഘത്തിന്‍െറ അകമ്പടിയോടെ യുവ സൗദി ഗായകരായ റാബിഹ് സാഗിര്‍, മാജിദ് അല്‍ മുഹന്‍ദിസ് എന്നിവര്‍ക്കൊപ്പം മണിക്കൂറുകളോളം അദ്ദേഹം ആസ്വാദകരെ ആനന്ദിപ്പിച്ചു. എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള്‍ തലപ്പാവിന് മുകളിലെ ഇഖാല്‍ ഊരി അദ്ദേഹം ആരാധകര്‍ക്ക് നേരെ എറിഞ്ഞു. ആയിരക്കണക്കിന് നീട്ടിയ കൈകള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു. തിക്കിനും തിരക്കിനുമിടയില്‍ ഫൈസല്‍ അല്‍ അമ്രി എന്ന ചെറുപ്പക്കാരന്‍െറ കൈകളിലേക്ക് ആ ഇഖാല്‍ കൃത്യമായി വന്നുപതിച്ചു. അവിശ്വസനീയതോടെ ഫൈസല്‍ തന്‍െറ കൈകളിലേക്ക് നോക്കുമ്പോള്‍ ചുറ്റിനും ആളുകൂടി. എത്ര റിയാല്‍ തന്നാല്‍ ആ വിശിഷ്ട ഇഖാല്‍ തരുമെന്നായി കാണികള്‍. ഒന്നും മിണ്ടാതെ ഇഖാലുമായി ഫൈസല്‍ വീട്ടിലേക്ക് മടങ്ങി. പക്ഷേ, വീടത്തെും മുമ്പേ ഫൈസല്‍ സാമൂഹിക മാധ്യമങ്ങളിലെ താരമായി മാറിക്കഴിഞ്ഞിരുന്നു. ഇഖാലും പിടിച്ച് നില്‍ക്കുന്ന ഫൈസലിന്‍െറ ചിത്രങ്ങള്‍ വൈറലായി. ഇതോടെ ഫൈസലിന്‍െറ മൊബൈലിനും കമ്പ്യൂട്ടറിനും വിശ്രമമില്ലാതായി. ഫോണ്‍കോളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി പറഞ്ഞ് വലഞ്ഞു.
എല്ലാവര്‍ക്കും ഇഖാല്‍ വേണം. പലരും പല വില പറഞ്ഞു. ലേലത്തില്‍ വെച്ചാല്‍ അഞ്ചുലക്ഷം റിയാല്‍ വരെ നല്‍കാമെന്നായി ചിലര്‍. പ്രശസ്തനായ ഒരു എമിറാത്തി ഗായകന്‍ വരെ വില പറഞ്ഞുവെന്ന് ഫൈസല്‍. പക്ഷേ, അങ്ങനെ അത് പണത്തിന് വേണ്ടി വില്‍ക്കാനില്ളെന്ന് ഫൈസല്‍ പറയുന്നു. സൗദിയിലെ ഉയര്‍ന്നുവരുന്ന ഗായകനായ റാമി അബ്ദുല്ലക്ക് ഇഖാല്‍ സമ്മാനിക്കാനാണ് ഫൈസലിന്‍െറ പദ്ധതി. സൗദി സംഗീതശാഖയുടെ പുതിയ തലമുറയെ പ്രതിനിധീകരിക്കുന്ന റാമിയുടെ പ്രശസ്തി നാള്‍ക്കുനാള്‍ ഏറി വരികയുമാണ്. റാമിയുടെ പ്രതിഭക്ക് ആദരവായി ഇഖാല്‍ നല്‍കുമെന്നാണ് ഫൈസല്‍ പറയുന്നത്.
സൗദി അറേബ്യയില്‍ മാത്രമല്ല, അറബ് ലോകത്തെമ്പാടും വന്‍ ആരാധാകവൃന്ദമുള്ള ഗായകനാണ് ജീസാന്‍ സ്വദേശിയായ മുഹമ്മദ് അബ്ദു. വായ്പാട്ടിനൊപ്പം തനത് അറബ് വാദ്യോപകരണമായ ഊദിലും അഗ്രഗണ്യന്‍. അബഹയില്‍ ഒരു ദരിദ്ര മുക്കുവന്‍െറ മകനായി 1949 ലാണ് അബ്ദുവിന്‍െറ ജനനം. ആറുമക്കളില്‍ അവസാനത്തെ ആളായിരുന്നു അബ്ദു. മുകളിലുള്ള അഞ്ചുപേരും അക്കാലത്ത് പടര്‍ന്നുപിടിച്ച വസൂരിയില്‍ മരണപ്പെട്ടു.
മൂന്നാം വയസില്‍ പിതാവ് നഷ്ടപ്പെട്ട് അനാഥാലയത്തില്‍ എത്തിപ്പെട്ട അബ്ദുവിന്‍െറ വളര്‍ച്ച വിസ്മയകരമായിരുന്നു. പഠനത്തിനൊപ്പം ചെറിയ ജോലികളും ചെയ്തായിരുന്നു തുടക്കം. ചന്തയില്‍ മിഠായി, നിലക്കടല വില്‍പന, പോസ്റ്റ് ഓഫീസിലെ പാര്‍ട്ടൈം ജോലി. അതിനൊപ്പം കല്യാണ വീടുകളിലെ പാട്ടും. ചെറിയ സദസുകളില്‍ നിന്ന് അബ്ദുവിന്‍െറ സദസുകള്‍ വളരാന്‍ തുടങ്ങി. 12ാം വയസില്‍ 1961 ലായിരുന്നു ആദ്യ കച്ചേരി. കുറഞ്ഞകാലം കൊണ്ട് അറേബ്യയുടെ ഹൃദയം കീഴടക്കി, ആ നാദം.
ക്രമേണ ആല്‍ബങ്ങള്‍ ഇറക്കാന്‍ തുടങ്ങി. അറബ് തലസ്ഥാനങ്ങളിലും ലോക നഗരങ്ങളിലേക്കും അബ്ദുവിന്‍െറ ഖ്യാതി പരക്കാന്‍ തുടങ്ങി. എണ്ണം പറഞ്ഞ ഗായകര്‍ അബ്ദുവുമായി സഹകരിക്കാന്‍ തിരക്കുകൂട്ടി. ഉമ്മുകുല്‍സും, തലാല്‍ മദ്ദ, ഫരീദ് അല്‍ അത്രാഷ്, ലത്തീഫ, മറിയം ഫാരിസ്.... അബ്ദുവിനൊപ്പം സഹകരിച്ച മഹാരഥരുടെ പട്ടിക നീണ്ടതാണ്.
എല്ലാമെല്ലാമായ മാതാവിന്‍െറ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹം 1989 ല്‍ പാട്ടുനിര്‍ത്തി. പലരും നിര്‍ബന്ധിച്ചെങ്കിലും പിന്നീട് പാടാന്‍ അദ്ദേഹം തയാറായില്ല. ഒടുവില്‍ ’97 ലെ ദേശീയദിനാഘോഷത്തില്‍ ഇരുത്തം വന്നൊരു പുതിയ ശബ്ദത്തില്‍ അബ്ദുവിനെ സൗദി അറേബ്യ കേട്ടു. അദ്ദേഹത്തിന്‍െറ കരിയറിലെ പുതിയൊരുഘട്ടമായിരുന്നു അത്. ഇന്ന് സൗദി അറേബ്യയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന സംഗീത വ്യക്തിത്വമാണ് അബ്ദുവിന്‍െറത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.