മക്ക: മക്ക- അല്ലീത് മേഖലകളിൽ ഇടിമിന്നലോടെ കനത്ത മഴ. അല്ലീതിൽ മഴവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട് അഞ്ച് പേരെ കാണാതായി. ഇവരെ കണ്ടെത്താൻ സിവിൽ ഡിഫൻസ് തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അല്ലീതിന് കിഴക്ക് റൗദ താഴ്വരയിൽ മൂന്ന് കാറുകൾ മഴവെള്ളപ്പാച്ചിലിൽപെട്ടത്. ഒരു കാർ കണ്ടെടുത്തു. ഇതിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. മറ്റ് രണ്ട് കാറുകൾക്കാണ് തെരച്ചിൽ നടത്തുന്നത്. ഇരു കാറിലും അഞ്ച് പേരുണ്ടെന്നാണെന്ന് പ്രാഥമികവിവരമെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു. സുരക്ഷ വിമാനങ്ങളുടെയും മേഖലയിലെ മറ്റ് സിവിൽ ഡിഫൻസുകാരുടെയും സഹായം തേടിയതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ മക്കയുടെ വിവിധ ഭാഗങ്ങളിൽ സമാന്യം നല്ല മഴയുണ്ടായി. താഴ്ന്ന സ്ഥലങ്ങളിലെ പല റോഡുകളിലും വെള്ളം കയറി. ഇടിമിന്നലോടെയാണ് മഴപെയ്തത്. ജിദ്ദ വിമാനത്താവളത്തിലും ശനിയാഴ്ച പുലർച്ചെ മഴ ലഭിച്ചു.മക്ക, നജ്റാൻ, ജീസാൻ, അസീർ, അൽബാഹ എന്നിവിടങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ആവശ്യമായ മുൻകരുതെലടുക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.