വി.കെ സിങ് എത്തി; ദമ്മാമില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് വഴിതെളിഞ്ഞു

റിയാദ്: മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്‍െറ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴിതെളിഞ്ഞു. ദമ്മാമിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സാദ് ഗ്രൂപ്പിലെ 1500 ഓളം തൊഴിലാളികളാണ് ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതോടെ ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. 
നിരവധി തവണ പരാതി നല്‍കിയെങ്കിലും കമ്പനി അധികൃതര്‍ തിരിഞ്ഞു നോക്കിയിരുന്നില്ല. ഇഖാമ കാലാവധി കഴിഞ്ഞവരും രോഗികളുമൊക്കെ തൊഴിലാളികള്‍ക്കിടയിലുണ്ടായിരുന്നു. ലേബര്‍ കോടതിയിലും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വി.കെ സിങ് റിയാദിലത്തെി തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാനുമായി ചര്‍ച്ച നടത്തിയത്. ഇതിന്‍െറ ഫലമായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് എക്സിറ്റും സൗജന്യ ടിക്കറ്റും നല്‍കാന്‍ തൊഴില്‍ വകുപ്പ് തയാറാവുകയായിരുന്നു. ചര്‍ച്ചക്ക് ശേഷം വെള്ളിയാഴ്ച രാവിലെയാണ് ദുബൈ വഴി കേന്ദ്ര മന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിയത്. 1100 ഓളം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. 115 പേര്‍ക്ക് ഇതിനകം എക്സിറ്റ് നടപടികള്‍ ശരിയായിട്ടുണ്ട്. ഇവര്‍ക്ക് വൈകാതെ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ലഭിക്കും. നാലു പേര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മടങ്ങിയിരുന്നു. ബാക്കിയുള്ളവരും വൈകാതെ മടങ്ങുമെന്ന് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നൊട്ട്യാല്‍ അറിയിച്ചു. ദമ്മാം തൊഴില്‍ വകുപ്പ് അധികൃതരും പാസ്പോര്‍ട്ട് വിഭാഗവും ശനിയാഴ്ച തൊഴിലാളികളെ നാട്ടിലയക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞതോടെ ഏറെ നാളായി ദുരിതത്തിലായിരുന്ന തൊഴിലാളി ക്യാമ്പില്‍ നേരിയ ആശ്വാസമായിട്ടുണ്ട്. ഇവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ തീരുമാനമായിട്ടില്ല. വൈകാതെ ഇക്കാര്യത്തിലും തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. സൗദി ഓജര്‍, ബിന്‍ ലാദന്‍ തുടങ്ങിയ കമ്പനികളില്‍ നിന്നായി ഇതിനകം 1730 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. സാദ് കമ്പനിയില്‍ നിന്നുള്ള തൊഴിലാളികളുടെ മടക്കം കൂടിയാകുന്നതോടെ ഈ സംഖ്യ ഇനിയും കൂടുമെന്ന് ഉറപ്പാണ്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.